നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വനിതാമതിൽ, കേരളത്തെ ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 1 ഡിസം‌ബര്‍ 2018 (20:37 IST)
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള ഭാഗമായി ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ മനുഷ്യമതില്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സാമൂഹ്യ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചു.

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ജനാധിപത്യ-മതനിരപേക്ഷ വിശ്വാസികളും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിലകൊള്ളുന്ന സമൂഹവും ഈ പരിപാടിയില്‍ അണിനിരക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ജനുവരി ഒന്നിന്റെ വനിതാ മതില്‍ രാജ്യം ശ്രദ്ധിക്കുന്ന ഇടപെടലായി മാറ്റാനാണ് ലക്ഷ്യം. കേരള സമൂഹത്തെ ഇരുണ്ട കാലത്തേക്ക് ആര്‍ക്കും തള്ളിവിടാനാവില്ല എന്ന പ്രഖ്യാപനമായിരിക്കും ജനുവരി ഒന്നിന് കേരളത്തില്‍ മുഴങ്ങുക.

നവോത്ഥാന മൂല്യങ്ങള്‍ തകര്‍ക്കാനുളള ചില ശക്തികളുടെ നീക്കം ഉത്കണ്ഠയുളവാക്കുന്നതാണ്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പ്രശ്നത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ യോഗത്തില്‍ പങ്കെടുത്തവര്‍ പൊതുവെ സ്വാഗതം ചെയ്തു. പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും ഉണ്ട് എന്ന പ്രശ്നം ഗൗരവമായി പരിഗണിച്ച് മുന്നോട്ട് നീങ്ങണം എന്ന് സംഘടനകള്‍ അഭിപ്രായപ്പെട്ടു.

സ്ത്രീകളോട് വിവേചനം കാണിക്കുന്ന ഒരു നീക്കവും അനുവദിക്കാനാകില്ല. അതുകൊണ്ടാണ് സ്ത്രീകളെ അണിനിരത്തി ജനുവരി ഒന്നിന് പരിപാടി സംഘടിപ്പിക്കുന്നത്. നവോത്ഥാന പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാനുളള ഉത്തരവാദിത്വമാണ് നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇന്നത്തെ നേതാക്കള്‍ ഏറ്റെടുക്കേണ്ടത്.

നിയമം ഉറപ്പുനല്‍കുന്ന സ്ത്രീ-പുരുഷ സമത്വം നിഷേധിക്കാനുളള ഇടപെടലുകളാണ് ഇപ്പോള്‍ നടക്കുന്നത്. നാടിനെ പിറകോട്ടു നയിക്കാനുളള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ബഹുജനപ്രസ്ഥാനം ഉയര്‍ന്നുവരണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനോ പോലീസിനോ ഒരു പിടിവാശിയുമില്ല.

തുലാമാസ പൂജാവേളയിലും ചിത്തിര ആട്ടവിശേഷപൂജാ ദിവസവും ശബരിമലയില്‍ സ്ത്രീകളെപോലും ആക്രമിക്കുന്ന സാഹചര്യമുണ്ടായതുകൊണ്ടാണ് നിയന്ത്രണം വേണ്ടിവന്നത്. ഈ നിയന്ത്രണം ഫലപ്രദമായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞു. കുഴപ്പമുണ്ടാക്കുന്നവര്‍ മാറി നിന്നാല്‍ ഒരു നിയന്ത്രണവും ഉണ്ടാകില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :