കോടതിയുമായി ഒരു മത്സരത്തിന് സര്‍ക്കാര്‍ ഒരുങ്ങില്ല: പിണറായി

Pinarayi, Supreme Court, Pinarayi Vijayan, Kannur, പിണറായി, സുപ്രീം‌കോടതി, വിജയന്‍, കോടതി, കണ്ണൂര്‍
കൊച്ചി| BIJU| Last Modified വ്യാഴം, 5 ഏപ്രില്‍ 2018 (21:07 IST)
സുപ്രീം‌കോടതിയുമായി ഒരു മത്സരത്തിന് സര്‍ക്കാര്‍ ഒരുങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കണമെന്ന വിധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതിയെ വെല്ലുവിളിച്ച് മുമ്പോട്ടുപോകാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. തുടര്‍ന്നുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കുറേ കുട്ടികളുടെ ഭാവി അവതാളത്തിലാകുന്ന അവസ്ഥ വന്നപ്പോള്‍ എല്ലാവരുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് സര്‍ക്കാര്‍ ഒരു നിലപാടെടുത്തത്. അങ്ങനെ ഒരു നിലപാട് എടുത്തില്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ടില്ല എന്ന് കുറ്റപ്പെടുത്തല്‍ ഉണ്ടായേനേയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് കോടതി സ്റ്റേ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി.

2016 - 17 വര്‍ഷം പ്രവേശനം ലഭിച്ച 180 വിദ്യാര്‍ഥികളെയും ഉടന്‍ പുറത്താക്കണമെന്നും സര്‍ക്കാരിന്‍റെ ബില്‍ നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിധി മറികടക്കാന്‍ സംസ്ഥാനം ശ്രമിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കുട്ടികളെ കോളേജില്‍ പ്രവേശിപ്പിക്കുകയോ, പഠനം തുടരാന്‍ അനുവദിക്കുകയോ, പരീക്ഷയ്ക്കിരുത്തുകയോ ചെയ്യരുത്. പ്രവേശനം ആദ്യമേ സുപ്രീംകോടതി റദ്ദാക്കിയതാണ്. പിന്നെ എങ്ങനെയാണ് അഡ്മിഷന്‍ കമ്മിറ്റിക്ക് ഇതിന്‍മേല്‍ തീരുമാനമെടുക്കാന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടു വച്ച ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ പ്രവേശനം നടത്തിയ നടപടി സുപ്രീംകോടതി തടഞ്ഞിരുന്നു. കോടതിയുടെ ഈ വിധി മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഓര്‍ഡിനന്‍സിലൂടെ ഈ രണ്ടു കോളജുകളിലേക്ക് വിദ്യാര്‍ഥി പ്രവേശനം നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :