രേണുക വേണു|
Last Modified വ്യാഴം, 30 ഡിസംബര്‍ 2021 (11:21 IST)
തിരുവനന്തപുരം പേട്ടയില്‍ മകളുടെ ആണ്‍സുഹൃത്തിനെ കുത്തിക്കൊന്നത് കള്ളനാണെന്ന് കരുതിയാണെന്ന പ്രതിയുടെ മൊഴി തള്ളി പൊലീസ്. കൊല്ലപ്പെട്ട അനീഷ് ജോര്‍ജിനെയും കുടുംബത്തെയും പ്രതി ലാലന്‍ സൈമണിന് നേരത്തെ അറിയാമെന്നും അനീഷാണെന്ന് തിരിച്ചറിഞ്ഞാണ് കുത്തിയതെന്നുമാണ് അന്വേഷണസംഘം പറയുന്നത്.
പേട്ട ആനയറ ഐശ്വര്യയില്‍ അനീഷ് ജോര്‍ജ് (19) ആണ് സുഹൃത്തിന്റെ വീട്ടില്‍ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ പേട്ട ചായക്കുടി ലൈന്‍ ഏദനില്‍ ലാലന്‍ സൈമണ്‍ (51) നേരെ പേട്ട പൊലീസില്‍ കീഴടങ്ങി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ സൈമണിന്റെ വീട്ടിലാണ് കൊലപാതകം നടന്നത്. കള്ളനാണെന്ന് കരുതിയാണ് താന്‍ അനീഷിനെ കുത്തിയതെന്നാണ് സൈമണ്‍ നേരത്തെ പൊലീസിനു മൊഴി നല്‍കിയത്. എന്നാല്‍, വിശദമായ അന്വേഷണത്തിനൊടുവില്‍ സൈമണ്‍ നല്‍കിയ മൊഴി പൊലീസ് തള്ളുകയാണ്.
കൊല്ലപ്പെട്ട അനീഷ് ജോര്‍ജിനെയും കുടുംബത്തെയും പ്രതി ലാലന്‍ സൈമണിന് നേരത്തെ അറിയാമെന്നും അനീഷാണെന്ന് തിരിച്ചറിഞ്ഞാണ് കുത്തിയതെന്നുമാണ് അന്വേഷണസംഘം പറയുന്നത്. അനീഷിനെയും കുടുംബത്തെയും സൈമണിനും കുടുംബത്തിനും മുന്‍പരിചയമുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇരുവരുടേയും വീടുകള്‍ തമ്മില്‍ മുക്കാല്‍ കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. മുകളിലത്തെ നിലയിലെ മുറി ചവിട്ടിത്തുറന്നാണ് സൈമണ്‍ അകത്തുകയറിയത്. അനീഷാണെന്ന് തിരിച്ചറിഞ്ഞുതന്നെയാണ് കുത്തിയതെന്നും അന്വേഷണസംഘം പറയുന്നു.