ഓര്‍ക്കുന്നുണ്ടോ പെരുമണ്‍ ദുരന്തം?

പെരുമണ്‍ തീവണ്ടി ദുരന്തം,കൊല്ലം,ഐലന്റ് എക്സ്പ്രസ്സ്
കൊല്ലം| VISHNU.N.L| Last Modified ചൊവ്വ, 8 ജൂലൈ 2014 (09:41 IST)
‘പെരുമണ്‍ തീവണ്ടി ദുരന്ത സ്മാരകം 1988 ജൂലൈ 8... ഓര്‍മ്മയ്ക്ക്‘. കൊല്ലം ജില്ലയില്‍ മണ്‍‌ട്രോ തുരുത്തിനും ശാസ്താം‌കോട്ടയ്ക്കും ഇടയിലൂടെ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കാണാം പൊടി പിടിച്ച് മരണത്തിന്റെ വിറുങ്ങലിപ്പൊടെ ഒരു ത്രികോണാകൃതിയില്‍ നിലക്കുന്ന ഒരു സ്തൂപത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നത്...

രാജ്യം നടുങ്ങി വിറങ്ങലിച്ച നിമിഷങ്ങളായിരുന്നു അത്.
അതേ 26 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസമായിരുന്നു 105 പേരുടെ ജീവനുമായി ബാംഗളൂര്‍- കന്യാകുമാരി ഐലന്റ് എക്സ്പ്രസ്സ് പെരുമണ്‍ പാലത്തില്‍ നിന്നും അഷ്ടമുടിയുടെ മരണത്തണുപ്പിലേക്ക് ഊളിയിട്ടത്.

ഇന്ത്യയിലെ തന്നെ ഏറ്റവും ഭീകരമായ തീവണ്ടി അപകടം നടന്ന പെരുമണ്‍ ദുരന്തം എന്ന് മലയാളികള്‍ മറക്കാന്‍ കൊതിക്കുന്ന ദിനങ്ങളിലൊന്ന്. ബാംഗ്ലൂരില്‍ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന ഐലന്‍റ് എക്സ്പ്രസ്സിന്‍റെ 10 ബോഗികള്‍ അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞതാണ് അപകടത്തിന്റെ കാരണം.

എന്നാല്‍ ഒടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ എങ്ങനെ കായലില്‍ പതിച്ചു എന്നത് ഇന്നു ചുരുളഴിയാത്ത രഹസ്യമായി നിലനില്‍ക്കുന്നു. റയില്‍‌വേ അധികൃതരുടെ അന്വേഷണത്തില്‍ എങ്ങുനിന്നോ കുതിച്ചെത്തിയ ടൊര്‍ണാഡോ എന്ന അതിഭീകരമായ ഒരു കൊടുങ്കാറ്റാണ് ഐലന്‍റ് എക്സ്പ്രസ്സിനെ കായലിലേക്ക് ചുഴറ്റിയെറിഞ്ഞത് എന്ന് എഴുതിപ്പിടിപ്പിച്ചിരുന്നു.

ചുഴലിക്കാറ്റാണ് കാരണമെന്നു പറയുന്ന റിപ്പോര്‍ട്ടുകള്‍ റെയില്‍വേയുടെ മുഖം രക്ഷിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയതാണെന്ന ആക്ഷപം അന്നേ ഉണ്ടായിരുന്നു. പാളം തെറ്റിയതുമൂലമാണ് ട്രെയിന്‍ മറിഞ്ഞതെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. അതിവേഗത്തില്‍ വന്ന ട്രെയിന്‍ പാലം കടക്കുന്നതിനു മുന്‍പ് ബ്രേക്കിട്ടതാണ് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

കൂടാതെ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരുന്ന ജോലിക്കാര്‍ ഇടയ്ക്ക് ചായകുടിക്കാന്‍ പോയപ്പോള്‍ വേഗത കുറയ്ക്കണമെന്ന് സിഗ്നല്‍ നല്‍കാന്‍ ആളില്ലാതെ പോയതാണ് അപകടത്തിന്റെ കാരണമെന്നും ഒരു വാദമുണ്ട്. എന്നിരുന്നാലും ദുരന്തത്തിന്റെ ശരിയായ കാരണം ഇന്നും അജ്ഞാതമാണ്.

105 പേരുടെ മരണത്തിനും 200ല്‍ അധികം പേര്‍ക്ക് മാരകമായ പരിക്കുകള്‍ പറ്റാനും, പലര്‍ക്കും ആയുഷ്കാലത്തില്‍ ആധ്വാനിച്ചുണ്ടാക്കിയ വിലപ്പെട്ടതൊക്കെ നഷ്ടപ്പെടുവാനും ആ അപകടം വഴിയൊരുക്കി. എന്നാല്‍ അപകടത്തിന്റെ ഇരകളോട് വിധിയെന്നപോലെ പിന്നീട് റെയില്‍‌വേയും കരുണകാണിച്ചില്ല.

ദുരന്തത്തില്‍ മരിച്ചവരില്‍ 17 പേര്‍ക്ക് അവകാശികളില്ലെന്ന ന്യായം പറഞ്ഞ് റെയില്‍വേ നഷ്ടപരിഹാരം നല്‍കിയില്ല. രക്ഷാപ്രവര്‍ത്തകര്‍ക്ക് വാഗ്ദാനം ചെയ്ത പാരിതോഷികങ്ങള്‍ പോലും പൂര്‍ണ്ണമായി നല്‍കിയില്ല. മരിച്ച മുതിര്‍ന്നവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് അന്‍പതിനായിരം രൂപയുമായിരുന്നു നഷ്ടപരിഹാരം.

പെരുമണ്‍ ദുരന്തത്തിനു ശേഷ്വും രാജ്യത്തിന്റെ പലഭാഗങ്ങളിലും ട്രെയിനുകള്‍ അപകടത്തില്‍പ്പെടുകയും നിരവധി വിലപ്പെട്ട ജീവനുകള്‍ അപഹരിക്കുകയും ചെയ്തിട്ടും വേണ്ടപ്പെട്ടവരുടെ ഭാഗത്തു നിന്ന് സുരക്ഷാ നടപടികള്‍
യാതൊന്നും തന്നെ സ്വീകരിച്ചു കണ്ടില്ല.

മറക്കാനാകാത്ത വേദനയുടെ ഓര്‍മ്മകളുമായി പെരുമണ്‍ ദുരന്ത സ്മാരകം അതീത കാലത്തേയെന്നവണ്ണം ആകാശത്തേയും നോക്കി വിറുങ്ങലിച്ചു നില്‍ക്കുമ്പോള്‍ വീണ്ടുമൊരു റെയില്‍‌വെ ബഡ്ജറ്റിന് ഇന്ന് കളരുങ്ങുന്നു എന്നത് തികച്ചും യാദൃഛികമായേക്കാം.

ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ സുരക്ഷാ മുന്‍‌കരുതലുകളാണ് നമുക്ക് വേണ്ടത്. കാരണം ഓരോ ദുരന്തവും തല്ലിക്കെടുത്തുന്നത് ഒരു പാടു പേരുടെ സന്തോഷവും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. ഇനിയും അത് സംഭവിക്കാതിരിക്കട്ടെ...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :