Perambra Massage Center Case: ആയുര്‍വേദ മസാജ് കേന്ദ്രത്തിന്റെ മറവില്‍ പേരാമ്പ്രയില്‍ നടന്നിരുന്നത് പെണ്‍വാണിഭം. പേരാമ്പ്ര ബവ്‌റിജസ് ഔട്ട്‌ലെറ്റിനു സമീപമുള്ള ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലാണ് പൊലീസ് ഇന്നലെ റെയ്ഡ് നടത്തിയത്. നാല് സ്ത്രീകളും രണ്ട് യുവാക്കളും മസാജ് സെന്ററിന്റെ നടത്തിപ്പുകാരും അറസ്റ്റിലായി.
മസാജ് സെന്ററില്‍ ദിവസേന നിരവധി ആളുകള്‍ എത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. ഒരു വര്‍ഷത്തിലധികമായി ഈ സ്ഥാപനം പേരാമ്പ്രയില്‍ പ്രവര്‍ത്തിച്ചുവരുന്നു. പാലക്കാട് ആലത്തൂര്‍ സ്വദേശി കൃഷ്ണദാസിന്റേതാണ് സ്ഥാപനം. ചെമ്പനോട സ്വദേശി ആന്റോയാണ് മാനേജര്‍. പൊലീസ് പിടികൂടിയവരില്‍ ഇവരും ഉണ്ടെന്നാണ് സൂചന.
ഇതരസംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും സ്ത്രീകളെ എത്തിച്ചാണ് മസാജ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. സാധാരണ മസാജിനായി ആയിരം രൂപയാണ് ഈടാക്കിയിരുന്നത്. മസാജിന്റെ രീതി മാറുന്നതിനനുസരിച്ച് കൂടുതല്‍ ഉയര്‍ന്ന നിരക്കുകള്‍ വാങ്ങും. നേരത്തെയും സ്ഥാപനത്തിനെതിരെ പരാതി ലഭിച്ചിരുന്നു. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജുവിന്റെ കീഴിലെ സ്‌ക്വാഡും പേരാമ്പ്ര ഡിവൈഎസ്പി എന്‍.സുനില്‍ കുമാറിന്റെ കീഴിലെ സ്‌ക്വാഡും പേരാമ്പ്ര പൊലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. മസാജ് സെന്ററില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനിടെ നാട്ടുകാര്‍ കൂവിവിളിച്ചു.