മാണിയുടെ കുതന്ത്രം പാലാക്കാരുടെ അടുത്ത്, എന്റെയടുത്ത് നടക്കില്ല: ജോര്‍ജ്

 പിസി ജോര്‍ജ് , കേരളാ കോൺഗ്രസ് (എം) , കെ എം മാണി , ആന്റ്ണി രാജു
കോട്ടയം| jibin| Last Modified ശനി, 13 ജൂണ്‍ 2015 (11:01 IST)
കേരളാ കോൺഗ്രസ് എമ്മില്‍ നിന്ന് അയോഗ്യനാക്കി പുറത്താക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് മുന്‍ സര്‍ക്കര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്ത്. താന്‍ പാര്‍ട്ടി വിട്ടു പോകാന്‍ തയ്യാറാണ്. ആ കാര്യം നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. മാന്യമായാ രീതിയില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകും. തന്നെ എത്രയും വേഗം വിട്ടാല്‍ മതിയെന്നും ജോര്‍ജ് വ്യക്തമാക്കി.

കെഎം മാണിയുടെ കുതന്ത്രം എന്റെ അടുത്ത് നടക്കില്ല. അത് പാവം പാലാക്കാരുടെ അടുത്ത് മാത്രമെ നടക്കു. അമ്പത് വര്‍ഷമായിട്ട് മാണി ജനങ്ങളെ പറ്റിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മാണിയെ സംരക്ഷിക്കുന്നത്. കള്ളന്‍മാരുടെ കൂടെ സാധിക്കില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകണമെന്ന് നേരത്തെ പറഞ്ഞപ്പോള്‍
ആന്റ്ണി രാജുവടക്കമുള്ളവരാണ് തടഞ്ഞു നിര്‍ത്തിയതെന്നും ജോര്‍ജ് പറഞ്ഞു.

വിഷയത്തില്‍ തനിക്ക് ഒരു ഭയവുമില്ല. എന്തും നേരിടാന്‍ ചങ്കുറപ്പോടെയാണ്നില്‍ക്കുന്നത്. ജനങ്ങള്‍ അന്നും ഇന്നും കൂടെ ഉണ്ടെന്നും ജോര്‍ജ് പറഞ്ഞു. അതേസമയം, ജോർജിനെ അയോഗ്യനാക്കി പുറത്താക്കാന്‍ കേരളാ കോൺഗ്രസ് (എം) നീക്കം ശക്തമാക്കി. നാളെ നടക്കുന്ന സ്‌റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം ഇതുമായി ബന്ധപ്പെട്ട് സ്പീക്കർക്കു പരാതി നൽകാനാണ് കേരള കോൺഗ്രസ് തീരുമാനം.

കേരളാ കോൺഗ്രസ് (എം) നേതാവ് ആന്റ്ണി രാജു ജോര്‍ജിനെ പുറത്താക്കുമെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ആന്റ്ണി രാജു നിര്‍ദേശിച്ചതുപോലെ ജോർജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ അദ്ദേഹം എംഎൽഎ ആയി തുടരാൻ സാധിക്കുമെന്നതിനാൽ അവർ തയാറായില്ല. എന്നാൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം ജോർജിനെ പുറത്താക്കിയാൽ എംഎൽഎ സ്ഥാനം നഷ്ടമാകും. ഇതിനാണ് ഇപ്പോൾ കേരള കോൺഗ്രസ് ശ്രമം നടത്തുന്നത്.

1989ൽ കേരള കോൺഗ്രസ് (ബി) നേതാവ് ആർ.ബാലകൃഷ്ണപിള്ളയെ കുരുക്കിയ അതേ ചട്ടത്തില്‍ ജോരിനേയും പെടുത്താനാണ് കേരളാ കോൺഗ്രസ് (എം) നീക്കം. ജോർജ് പുതിയ പാർട്ടിയുടെ ഭാഗമായെന്നും അരുവിക്കരയിൽ അദ്ദേഹം സ്ഥാനാർഥിയെ നിർത്തിയെന്നും ഇതോടെ ജോർജിന്റെതു പാർട്ടിയിൽ നിന്നു സ്വയം പോകുന്നതിനു തുല്യമായ നടപടിയാണെന്നുമാണ് കേരള കോൺഗ്രസ് വാദം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :