തിരുവനന്തപുരം|
Last Modified വ്യാഴം, 12 ജനുവരി 2017 (12:12 IST)
ബന്ധുനിയമന വിവാദത്തില്‍ പ്രതിപ്പട്ടികയിലുള്ള വ്യവസായവകുപ്പ് സെക്രട്ടറി പോള്‍ ആന്റണിയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയാണുള്ളതെന്ന് വ്യവസായമന്ത്രി എ സി മൊയ്തീന്‍. അദ്ദേഹം വ്യവസായ സെക്രട്ടറിയായി തുടരുമെന്നും മന്ത്രി അറിയിച്ചു.
പോള്‍ ആന്റണിയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്‌തിയാണുള്ളത്. ആരോപണങ്ങള്‍ക്ക് വിധേയനകാത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇപ്പോള്‍ നടക്കുന്നത് അന്വേഷണം മാത്രമാണ്. പോള്‍ ആന്റണി കുറ്റവാളിയാണെന്നു തെളിഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ, പദവി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പോള്‍ ആന്റണിയുടെ കത്ത് തനിക്കു ലഭിച്ചിട്ടില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ഇ പി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പോള്‍ ആന്റണി മൂന്നാം പ്രതിയായി ചേര്‍ക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം രാജിസന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. തല്‍സ്ഥാനത്തു തുടരാന്‍ താല്പര്യമില്ലെന്ന് കാട്ടി കഴിഞ്ഞദിവസമാണ് പോള്‍ ആന്റണി ചീഫ് സെക്രട്ടറിക്കു കത്തു നല്കിയത്.
വിജിലൻസ് എഫ് ഐ ആറിൽ പേരു വന്നതിനെ തുടർന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയായി തുടരുന്നതിൽ ധാർമികതയില്ലെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനു കത്തു നൽകിയിരുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം സര്‍ക്കാരാണ് എടുക്കേണ്ടതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു.