ശ്രീനു എസ്|
Last Updated:
ശനി, 17 ഏപ്രില്‍ 2021 (20:16 IST)
പത്തനംതിട്ട: ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ ഈ മാസം 28 ന് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ജില്ലയിലെ വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായുള്ള അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. മേയ് രണ്ടിന് രാവിലെ 8 മുതല്‍ പോസ്റ്റ് ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. 8:30 മുതല്‍ ഇവിഎം എണ്ണിത്തുടങ്ങും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. വോട്ടെണ്ണലിന് മുമ്പായി വോട്ടിംഗ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റ് പരിശോധിച്ച് കേടുപാടില്ലെന്നും സീലുകളെല്ലാം ഭദ്രമാണെന്നും ഉറപ്പുവരുത്തും.
വോട്ടെണ്ണല്‍ കേന്ദ്രത്തിന് ത്രിതല സുരക്ഷ ഒരുക്കും. ലോക്കല്‍ പോലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക. റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, കൗണ്ടിങ് സ്റ്റാഫ്, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ കൗണ്ടിംഗ് ഏജന്റുമാര്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചവര്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനമില്ല.