കൂറുമാറിയ പഞ്ചായത്ത് പ്രസിഡന്‍റിനു സ്ഥാനം പോയി

 കൂറുമാറ്റം,പഞ്ചായത്ത് പ്രസിഡന്റ്,എറണാകുളം
എറണാകുളം‍| VISHNU.NL| Last Modified ബുധന്‍, 2 ജൂലൈ 2014 (17:28 IST)
കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന് എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. വിശ്വംഭരനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അയോഗ്യനാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ കോണ്‍ഗ്രസ്സിലെ കെ എം അബ്ദുള്ള കുഞ്ഞ് നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

യു.ഡി.എഫ് ഭരിച്ചിരുന്ന കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസിനെതിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇത് വിജയിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ പിന്തുണയോടെ വിജയിച്ച യു.ഡി.എഫിലെ എം. എ. വിശ്വംഭരനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കി. ഇടതുമുന്നണി പിന്തുണച്ചതിനെ തുടര്‍ന്ന് വിശ്വംഭരന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ ജില്ലാ പ്രസിഡന്റ് നല്‍കിയ വിപ്പ് ലംഘിച്ചാണ് യുഡിഎഫ് അംഗമായ എം എ വിശ്വംഭരന്‍ സ്ഥാനാര്‍ത്ഥിയാകുകയും എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റാകുകയും ചെയ്തതെന്ന് കമ്മീഷന്റെ മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

വിചാരണയില്‍ ഇക്കാര്യം തെളിയിക്കുന്നതിന് പരാതിക്കാരന് കഴിഞ്ഞിട്ടുണ്ടെന്ന് കമ്മീഷന്‍ വിധിയില്‍ പറഞ്ഞു. അതിനാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ എംഎ വിശ്വംഭരന് അയോഗ്യത കല്‍പ്പിച്ചും അടുത്ത ആറു വര്‍ഷത്തേക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതില്‍ നിന്നും വിലക്കിയും കമ്മീഷന്‍ ഉത്തരവായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :