വിസ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കബളിപ്പിച്ചെടുത്ത യുവാവ് പിടിയിൽ
എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 3 നവംബര്‍ 2023 (18:00 IST)
പാലക്കാട് : വിദേശ ജോലിക്കായി വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലമ്പുഴ മാന്തുരുത്തി രാജ് നിവാസിൽ രാജേഷ് എന്ന രാജേന്ദ്രനെ (44) യാണ് പോലീസ് പിടികൂടിയത്.
മരുത റോഡിൽ ഓഫീസ് തുടങ്ങിയാണ് ഇയാൾ പലരിൽ നിന്നും പണം തട്ടിയെടുത്തത്. നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്ത ശേഷം ഇയാൾ ഓഫീസുപൂട്ടി സ്ഥലം വിട്ടു. തുടർന്നാണ് പണം നഷ്ടപ്പെട്ടവർ പോലീസിൽ പരാതി നൽകിയത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയിൽ നിന്ന് അഞ്ചു ലക്ഷത്തിലേറെയും വൈക്കം സ്വദേശിയായ ഒരു വീട്ടമ്മയിൽ നിന്നും രണ്ടു ലക്ഷത്തിലേറെ രൂപയും തട്ടിയെടുത്ത കേസിൽ നടത്തിയ അന്വേഷമാണ് ഇയാളെ വലയിൽ വീഴ്ത്തിയത്.
കസബ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയ ശേഷം ഇയാൾ തമിഴ്‌നാട്ടിലേക്ക് പോയി. കസബ ഇൻസ്‌പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോയമ്പത്തൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.