രേണുക വേണു|
Last Modified ശനി, 19 ഒക്‌ടോബര്‍ 2024 (08:45 IST)
Rahul Mamkoottathil and P Sarin
കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയിരുന്ന ഡോ.പി.സരിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്തി കോണ്‍ഗ്രസ്. സരിനെതിരെ നീക്കങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിച്ചുവേണമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയിരുന്നതുകൊണ്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവുമായി സരിന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സരിനെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന ശൈലി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ദോഷം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിനും പാലക്കാട് ഡിസിസിക്കും സംസ്ഥാന നേതൃത്വം ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് 2021 ല്‍ നേടിയതിനേക്കാള്‍ 5,000 വോട്ടുകള്‍ കൂടുതല്‍ പിടിച്ചാല്‍ പാലക്കാട് കോണ്‍ഗ്രസിന്റെ കാര്യം സംശയത്തിലാകും. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ കടന്നുകയറാനുള്ള ശേഷി സരിന് ഉണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് മത്സരിച്ച സരിന് പാലക്കാട് ജില്ലയില്‍ സംഘാടന ശേഷിയും പിന്തുണക്കാരും ഉണ്ട്. അതുകൊണ്ട് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ സരിന്‍ കടന്നുകയറിയാല്‍ അത് ബിജെപിക്ക് ഗുണം ചെയ്‌തേക്കാം. സരിനെതിരായ വ്യക്തിപരമായ വിമര്‍ശനങ്ങളും ആരോപണങ്ങളും പരമാവധി ഒഴിവാക്കണമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്കും ജില്ലാ നേതൃത്വത്തിനും കെപിസിസി നേതൃത്വം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സരിന്‍ മത്സരിക്കുന്നത്. പാലക്കാട് ബിജെപിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് സരിന്‍ പാര്‍ട്ടി വിട്ടത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ സരിന്‍ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിനെ കടന്നാക്രമിച്ചിട്ടും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനോ കടുത്ത ഭാഷയില്‍ തിരിച്ചു മറുപടി നല്‍കിയിട്ടില്ല. പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും മുന്‍ എംഎല്‍എ ഷാഫി പറമ്പിലും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്. വ്യക്തിപരമായ വിമര്‍ശനങ്ങളിലേക്ക് കടന്നാല്‍ സരിന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമോ എന്ന പേടി മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്.