പാലക്കാട് ഐഐടിയില്‍ അധ്യയനത്തിന് തുടക്കം; ക്ലാസുകള്‍ ബുധനാഴ്ച ആരംഭിക്കും

പാലക്കാട്| JOYS JOY| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (12:05 IST)
പാലക്കാട് ഐ ഐ ടിയില്‍ അധ്യയനത്തിന് തുടക്കം. ക്ലാസുകള്‍ തുടങ്ങുന്നതിനു മുമ്പായുള്ള ഓറിയന്റേഷന്‍ പരിപാടിക്ക് കാമ്പസില്‍ തുടക്കമായി. രാവിലെ നടന്ന പരിപാടിയില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു.

ഓറിയന്റേഷന്‍ പരിപാടിയില്‍
ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, മദ്രാസ് ഐ ഐ ടി ഡയറക്ടര്‍ പ്രഫ. ഭാസ്കര്‍ രാമമൂര്‍ത്തി, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ കെഎം എബ്രഹാം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ബുധനാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. താല്‍ക്കാലിക കാമ്പസ് പ്രവര്‍ത്തിക്കുന്ന അഹല്യ കോളജ്ജില്‍ 117 കുട്ടികളാണ് പ്രവേശനം നേടിയത്. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന വിപുലമായ ഉദ്ഘാടന പരിപാടി ഈ മാസം 17 ആം തിയതി നടക്കും.

ആദ്യവര്‍ഷം സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലായി 117 കുട്ടികളാണ് പ്രവേശനം നേടിയത്. ഓരോ വിഷയത്തിലും 30 പേര്‍ക്ക് വീതമാണ് പ്രവേശം. ആദ്യ ബാച്ചില്‍ ആറു പെണ്‍കുട്ടികളേയുള്ളു. വിദ്യാര്‍ഥികളില്‍ 12 പേര്‍ മലയാളികളാണ്.

പാലക്കാട് ഐ ഐ ടിയുടെ പൂര്‍ണ ചുമതല മദ്രാസ് ഐ ഐ ടിക്കാണ്. പ്രഫ. ബി പി സുനില്‍കുമാറിനാണ് കാമ്പസ് ഇന്‍ചാര്‍ജ്.

മദ്രാസ് ഐ ഐ ടിയില്‍ നിന്ന് സീനിയര്‍ അധ്യാപകര്‍ ഓരോ ആഴ്ചയിലും നിശ്ചിത സമയം പാലക്കാട്ടത്തെി ക്ലാസെടുക്കും. ചെന്നൈ ഐ ഐ ടിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
സ്ഥിരം കാമ്പസിനായി പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ 500 ഏക്കര്‍ സ്ഥലം കണ്ടത്തെിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :