‘കൂക്കിവിളി ഒരിക്കലും ന്യായീകരിക്കാനാവില്ല’; ജോസഫ് പ്രചാരണത്തിനെത്തും - പാലായില്‍ ഇനി ഒറ്റക്കെട്ട്

  benny behanan , pala election , jose tom , jose , km mani , കോണ്‍ഗ്രസ് , പാലാ , യു ഡി എഫ് , ഉപതെരഞ്ഞെടുപ്പ്
കോട്ടയം| Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (19:21 IST)
പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോമിന്‍റെ പ്രചാരണത്തിന് പിജെ ജോസഫ് എത്തുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. ഓണത്തിനുശേഷം ജോസഫ് പ്രചാരണത്തിനെത്തും. മുന്നണിയിലെ പ്രശ്‌നങ്ങള്‍ യുഡിഎഫ് മുന്‍കൈയെടുത്ത് പരിഹരിക്കും. അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യുഡിഎഫ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ജോസഫിനെതിരെയുണ്ടായ കൂക്കിവിളി ഒരിക്കലും ന്യായീകരിക്കാനാവില്ല. അത്തരം അനിഷ്ടസംഭവങ്ങളെ യുഡിഎഫ് ന്യായീകരിക്കുന്നുമില്ല. യുഡിഎഫില്‍ ഒരു നേതാവിനു നേരെയും അസ്വസ്ഥതയുണ്ടാവുന്ന നടപടികള്‍ ഉണ്ടാവില്ലെന്നും ബെന്നി ബഹനാൻ പറഞ്ഞു.

തിരുവോണത്തിനു ശേഷം രണ്ടാംഘട്ട പ്രചാരണം ആരംഭിക്കും. ജോസഫ് ഉള്‍പ്പെടെയുള്ള എല്ലാ യുഡിഎഫ് നേതാക്കളും പ്രചാരണത്തിനെത്തും. പാലായില്‍ ജോസ് ടോം കഴിഞ്ഞതവണത്തെക്കാള്‍ കൂടിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. മുന്നണിയിൽ അസ്വസ്ഥതയുണ്ടാക്കി പാലായിൽ വിജയിക്കാമെന്ന് കോടിയേരി കരുതേണ്ടെന്നും ആ പരിപ്പ് വേവില്ലെന്നും ബെന്നി ബഹനാൻ പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി - ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് യുഡിഎഫ് നേതൃത്വം വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് ജോസഫ് വിഭാഗം നേതാക്കളുമായി യുഡിഎഫ് നേതൃത്വം സമവായ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോൻസ് ജോസഫ്, ടിയു കുരുവിള, ജോയ് എബ്രഹാം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :