ഗവര്‍ണറെ പൈലറ്റ് വിമാനത്തില്‍ കയറ്റിയില്ല; രാജ്ഭവൻ പരാതി നൽകി

 പി സദാശിവം , വിമാനയാത്ര , വിമാനത്താവളം , എയര്‍ പോര്‍ട്ട്
കൊച്ചി| jibin| Last Updated: ബുധന്‍, 23 ഡിസം‌ബര്‍ 2015 (11:54 IST)
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഗവര്‍ണർ പി സദാശിവത്തെ എയര്‍ ഇന്ത്യ അധികൃതര്‍ അപമാനിച്ചെന്ന് പരാതി. യാത്രക്കാർ പ്രവേശിക്കേണ്ട സമയം കഴിഞ്ഞെന്ന് പറഞ്ഞ് കൊച്ചി– തിരുവനന്തപുരം വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ ഗവര്‍ണറെ വിമാനത്തില്‍ കയറ്റിയില്ലെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച് ഗവർണറുടെ ഓഫീസ് എയർ ഇന്ത്യയ്‌ക്കും വ്യോമയാന മന്ത്രാലയത്തിനും പരാതി നൽകി.

ചൊവ്വാഴ്ച രാത്രി 9.10ന് ഡൽഹിയിൽ നിന്നെത്തി 9.50ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എയർഇന്ത്യയുടെ എഐ 046 വിമാനത്തിലെ പൈലറ്റാണ് ഗവർണറോട് മോശമായി പെരുമാറിയത്. ഇന്നലെ വൈകിയാണ് വിമാനം നെടുമ്പാശേരിയിൽ എത്തിയത്. ഒരു മണിക്കൂർ വൈകി 10.45നേ വിമാനം പുറപ്പെടൂ എന്ന അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് 10.40ന് ഗവർണർ വിമാനത്താവളത്തിൽ എത്തി. പുറപ്പെടുന്നതിന് മുമ്പായി എയർപോർട്ടിന് അകത്തെത്തിയ ഗവർണറെ വിമാനത്തിൽ കയറാൻ പെലറ്റ് അനുവദിച്ചില്ല.

സമയം കഴിഞ്ഞതിനാൽ കാത്തിരിക്കാനാകില്ലെന്നും പുറപ്പെടുകയാണെന്നും അറിയിച്ച് പൈലറ്റ് വാതിലടയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങിയ ഗവര്‍ണര്‍ ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. എയര്‍ഇന്ത്യ അധികൃതരുടെ നടപടിക്കെതിരെ വ്യോമയാന മന്ത്രാലയത്തിനും എയര്‍ഇന്ത്യ മാനേജ്മെന്‍റിനും പരാതി നല്‍കുമെന്ന് ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :