കൊച്ചി/ കോഴിക്കോട്|
vishnu|
Last Modified വ്യാഴം, 15 ജനുവരി 2015 (18:19 IST)
സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനനെയും എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജീവ് എം പിയെയും തിരഞ്ഞെടുത്തു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയ നേതാവാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി മോഹനന്‍. 19 മാസം റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. കുറ്റിയാടി എം.എല്‍.എ കെ.കെ ലതികയുടെ ഭര്‍ത്താവാണ്.
കോഴിക്കോട്ടെ 40 അംഗ ജില്ലാ കമ്മിറ്റിയില്‍ അഞ്ച് പുതുമുഖങ്ങള്‍ എത്തിയിട്ടുണ്ട്. എം ഗിരീഷ്, ടി വിശ്വനാഥന്‍, ടി ചന്തു, കെ പുഷ്പജ, പി കെ പ്രമേനാഥ് എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. എറണാകുളത്ത് പുതിയ 9 അംഗങ്ങളെ ഉള്‍പ്പെടുത്തി 43 അംഗ ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു. ഒളിക്യാമറ വിവാദത്തില്‍പ്പെട്ട ഗോപി കോട്ടമുറിക്കല്‍ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തിയപ്പോള്‍ സരോജിനി ബാലാനന്ദനെ ഒഴിവാക്കി.
വി.എസ് പക്ഷത്തെ പ്രമുഖരെയും ജില്ലാ കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. വി.എസ് പക്ഷത്തിന് മേല്‍ക്കൈയുണ്ടായിരുന്ന ജില്ലാ കമ്മിറ്റിയില്‍ ഔദ്യോഗിക പക്ഷത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം. അതേസമയം ടി പിയെ വധിച്ചതിനുള്ള പാരിതോഷികമാണ് മോഹനന് ലഭിച്ച ജില്ലാ സെക്രട്ടറി സ്ഥാനമെന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ മാധ്യമങ്ങളോട് പറഞ്ഞു. കൊലക്കേസില്‍ പ്രതിയായ ആളെ ജില്ലാ സെക്രട്ടറി ആക്കിയതോടെ സി പി എം ജനങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.