കൊച്ചി|
സജിത്ത്|
Last Modified വ്യാഴം, 23 മാര്‍ച്ച് 2017 (15:16 IST)
നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ലക്കിടി ജവഹർ ലോ കോളജിലെ വിദ്യാർഥിയെ മർദ്ദിച്ച കേസിലാണ് ജാമ്യം. ഉടന്‍തന്നെ കൃഷ്ണദാസിനെ മോചിപ്പിക്കണമെന്നും കൃഷ്ണദാസിന്റെ അറസ്റ്റ് നടന്നത് നിയമപരമായല്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. അതോടൊപ്പം നെഹ്രു കോളെജ് പി.ആർ.ഒ സഞ്ജിത്തിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
പൊലീസിനെതിരെ രൂക്ഷമായ വിമർശനമാണ് കോടതി ഉന്നയിച്ചത്. ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. എന്തിനായിരുന്നു തിടുക്കത്തിലെ അറസ്റ്റെന്ന് ചോദിച്ച കോടതി, ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് അറസ്റ്റിന് ശേഷമാണെന്നും നിരീക്ഷിച്ചു. പ്രതിക്കുള്ള ന്യായമായ അവകാശം നിഷേധിച്ചതായും കോടതി കണ്ടെത്തി.
ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ജാമ്യം. പ്രതിയുടെ ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടതായും ഹൈക്കോടതി ജഡ്ജ് എബ്രഹാം മാത്യു
പറഞ്ഞു. കേസ് ഡയറിയില്‍ മതിയായ തെളിവുകള്‍ ഉണ്ടായിരുന്നില്ല. കൃഷ്ണദാസിന്റെ ജാമ്യം വൈകിപ്പിക്കാന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നത് പൊലീസ് വൈകിപ്പിച്ചതായും കോടതി നിരീക്ഷിച്ചു.