ട്വിസ്റ്റ് ! ഹൈക്കമാന്‍ഡിന് പ്രിയം സതീശനോട്, ഒഴിയാന്‍ വിസമ്മതിച്ച് ചെന്നിത്തല

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 20 മെയ് 2021 (10:54 IST)

വി.ഡി.സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് സമ്മര്‍ദം. കോണ്‍ഗ്രസിനുള്ള 21 എംഎല്‍എമാരില്‍ കൂടുതല്‍ പേരും ചെന്നിത്തലയെയാണ് പിന്തുണയ്ക്കുന്നതെങ്കിലും ഹൈക്കമാന്‍ഡ് സംഘം വി.ഡി.സതീശനെ പ്രതിപക്ഷ നേതാവ് ആക്കാനാണ് ആലോചിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിയാണ് ചെന്നിത്തലയോട് താല്‍പര്യക്കുറവ് തോന്നാന്‍ കാരണം. പുതിയ നേതൃത്വം വന്നില്ലെങ്കില്‍ കേരളത്തില്‍ ഇനിയും തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

ഗ്രൂപ്പുകള്‍ക്ക് അതീതനാണ് വി.ഡി.സതീശന്‍. അതുകൊണ്ട് തന്നെ എംഎല്‍എമാരുടെ പിന്തുണ കുറവാണെങ്കിലും സതീശനെ നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. നേതൃതലത്തില്‍ മാറ്റം അനിവാര്യമാണെന്നു വാദിക്കുന്ന ഒരു വിഭാഗം സതീശനൊപ്പമുണ്ട്. ഇക്കൂട്ടത്തില്‍ ഇരു ഗ്രൂപ്പുകളിലെയും എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസ് 21 സീറ്റുകളിലേക്ക് ഒതുങ്ങിയിട്ടും നിലവിലെ നേതൃത്വത്തെ തുടരാന്‍ അനുവദിക്കുന്നത് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കു വഴിയൊരുക്കുമെന്ന് ഹൈക്കമാന്‍ഡ് സംഘത്തിനു മുന്നില്‍ ഇവര്‍ വാദിച്ചു. ഇതില്‍ കഴമ്പുണ്ടെന്നാണ് ഹൈക്കമാന്‍ഡ് സംഘവും വിലയിരുത്തുന്നത്.

എന്നാല്‍, സ്ഥാനം ഒഴിയാന്‍ താല്‍പര്യമില്ലെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. തനിക്ക് ഇനിയും അവസരം വേണമെന്ന് ചെന്നിത്തല വാദിക്കുന്നു. ഐ ഗ്രൂപ്പും ഇതിനായി സമ്മര്‍ദം ചെലുത്തുന്നു. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ രമേശിനെ പിന്തുണയ്ക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :