തിരുവനന്തപുരം|
PRIYANKA|
Last Modified വെള്ളി, 15 ജൂലൈ 2016 (07:27 IST)
ആഭ്യന്തര യുദ്ധം ശക്തമായ ദക്ഷിണ സുഡാനില്‍നിന്ന് ഇന്ന് തിരുവനന്തപുരത്തെത്തുന്നവരെ സ്വീകരിക്കാന്‍ സജ്ജീകരണങ്ങളൊരുക്കി സംസ്ഥാന സര്‍ക്കാര്‍. ഇവര്‍ക്കായി നോര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി, റെയില്‍വേ തുടങ്ങി വിവിധ വകുപ്പുകളുടെ സഹായത്തോടെ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
വിമാനത്തിലെത്തുന്ന യാത്രക്കാരെ വിവിധ വീടുകളിലെത്തിക്കുന്നതിനായി മൂന്നു കെഎസ്ആര്‍ടിസി ബസുകള്‍ തയാറാക്കിയിട്ടുണ്ടെന്ന് നോര്‍ക്ക അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലും ചില ഹോട്ടലുകളിലും ഇവര്‍ക്കാവശ്യമായ ആഹാരങ്ങള്‍ ലഭിക്കുന്നതിനും സൗകര്യമുണ്ട്. കേരളത്തിന്റെ വടക്കേയറ്റത്തുനിന്നുള്ളവര്‍ക്ക് പോകുന്നതിനായി ട്രെയിനില്‍ പ്രത്യേക സീറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും മറ്റ് ആവശ്യങ്ങള്‍ക്കായി ഹെല്‍പ്‌ഡെസ്‌ക് തുറക്കുമെന്നും നോര്‍ക്ക അറിയിച്ചു.
സുഡാനില്‍ കുടുങ്ങിയ 300 ഇന്ത്യക്കാരെ ഒഴിപ്പിച്ചുകൊണ്ടുവരാന്‍ രണ്ടു വിമാനങ്ങളാണ് ഇന്ത്യ അയച്ചിട്ടുള്ളത്. മലയാളികളടക്കമുള്ളവരുമായി പുറപ്പെടുന്ന ആദ്യവിമാനം പുലര്‍ച്ചെ തിരുവനന്തപുരത്തെത്തും. രണ്ടാമത്തെ വിമാനം പതിനൊന്നു മണിയോടെ എത്തുമെന്നാണ് കരുതുന്നത്. 38 മലയാളികളാണ് ആദ്യവിമാനത്തിലുള്ളത്. മലയാളികള്‍ക്കു പുറമെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരും വിമാനത്തിലുണ്ട്.