മലയാള ഭാഷാ നിയമം കൊണ്ടുവരും: മുഖ്യമന്ത്രി

മലയാള ഭാഷാ നിയമം കൊണ്ടുവരും:  മുഖ്യമന്ത്രി
തിരുവനന്തപുരം| VISHNU.NL| Last Updated: തിങ്കള്‍, 3 നവം‌ബര്‍ 2014 (19:09 IST)
മലയാള ഭാഷാ നിയമം കൊണ്ടു വരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാംസ്‌ക്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പിആര്‍ഡിയുടെ സഹകരണത്തോടെ തിരുവനന്തപുരം കനകക്കുന്നു കൊട്ടാരം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ശ്രേഷ്ഠഭാഷാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രേഷ്ഠഭാഷാ പദവി കൊണ്ടു തൃപ്തിപ്പെട്ടാല്‍ പോരാ മലയാള ഭാഷയോട് കേരളത്തിന് നീതി പുലര്‍ത്താനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍ബന്ധമായും മലയാളം പഠിച്ചിരിക്കണം. മലയാള ഭാഷാനിയമം കൊണ്ടു വരണമെന്ന് പലതട്ടില്‍ നിന്നും ഉയര്‍ന്ന ആവശ്യം പരിഗണിച്ച സര്‍ക്കാര്‍ അതിനുള്ള നടപടികളുടെ അന്തിമ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദേശ മലയാളികളുടെ കുട്ടികളെ കേരളത്തിന്റെ സംസ്‌ക്കാരവും മലയാള ഭാഷയും പഠിപ്പിക്കുകയെന്നത് സര്‍ക്കാര്‍ വെല്ലുവിളിയായി സ്വീകരിച്ചിരിക്കുകയാണ്. മലയാളം മിഷന്‍ വഴി പ്രവര്‍ത്തനങ്ങള്‍ വിപുലമായി നടത്തി വരുന്നു. ഭാഷയ്ക്കും സംസ്‌ക്കാരത്തിനും അനുയോജ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ബോധേശ്വരന്‍ രചിച്ച കേരള ഗാനത്തിന് സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍ ഈണം നല്‍കി പുറത്തിറക്കിയ സിഡി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് നല്‍കി പ്രകാശനം ചെയ്തു. കേരള ഭാഷാ നിഘണ്ടു മുഖ്യമന്ത്രിയില്‍ നിന്ന് സുഗതകുമാരി ഏറ്റുവാങ്ങി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :