തിരുവനന്തപുരം|
കെ എസ് സുരേന്ദ്രന്‍|
Last Updated:
തിങ്കള്‍, 6 ജൂണ്‍ 2016 (19:32 IST)
നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി ക്യാമ്പ് എക്‌സിക്യുട്ടീവില്‍ നടന്നത് ചെളിവാരിയേറ് ആയിരുന്നുവെന്നതില്‍ ആര്‍ക്കും സംശയമില്ല. അങ്ങനെയൊന്നും നടന്നിട്ടില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും അണിയറകളില്‍ നിന്ന് പുറത്തുവന്ന വാര്‍ത്തകളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാണ്.
തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. യോഗത്തില്‍ സുധീരനെതിരെ എ ഗ്രൂപ്പും ഐ ഗ്രൂപ്പും സംഘടിതമായി വിമര്‍ശനം അഴിച്ചുവിട്ടു. എ ഗ്രൂപ്പിലെ നല്ലൊരു പങ്കും സുധീരന് പകരം മറ്റൊരാള്‍ കെപിസിസി അധ്യക്ഷനാകണമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ അങ്ങനെയൊരു സംസാരം ഉണ്ടായിട്ടില്ല എന്നാണ് സുധീരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവര്‍ത്തിക്കുന്നത്.
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാളത്തിലൊളിച്ച ഉമ്മന്‍ചാണ്ടി പ്രത്യക്ഷത്തില്‍ കളത്തിലിറങ്ങിയില്ലെങ്കിലും കെ ബാബുവടക്കമുള്ള എ ഗ്രൂപ്പ് വക്‍താക്കള്‍ സുധീരനെ യോഗത്തില്‍ നിര്‍ത്തിപ്പൊരിക്കുകയായിരുന്നു. എന്നാല്‍, എന്നാല്‍ യോഗം അവസാനിച്ചപ്പോള്‍ പതിവ് പോലെ സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തയും കാര്യങ്ങള്‍ തങ്ങളുടെ വരുതിയിലാക്കി നിര്‍ത്തുന്നതില്‍ വിജയിച്ചു.
പ്രതിപക്ഷ സ്ഥാനം വിട്ടു നല്‍കിയതിന്റെ പേരില്‍ ചെന്നിത്തല സംയമനം പാലിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഉമ്മന്‍ ചാണ്ടിയിലേക്ക് ചാര്‍ത്തി നല്‍കാന്‍ രമേശിനും മടിയായി. എന്തൊക്കെ സംഭവിച്ചാലും കെപിസിസി പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കില്ലെന്ന നിലപാട് സ്വീകരിച്ച സുധീരനെതിരെ ഇരുവരും നിലപാടുകള്‍ വ്യക്തമാക്കാതെ വരുകയും ചെയ്‌തപ്പോള്‍ കാര്യങ്ങള്‍ മൂവര്‍ സംഘത്തിന്റെ കൈയിലായി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ ഒരു കോലാഹലം നടത്തുന്നതിനും പ്രവര്‍ത്തകരെ ഒന്നും ഇളക്കി മറിച്ചശേഷം എല്ലാം ശരിയാക്കിയെന്ന തോന്നല്‍ ഉളവാക്കുകയും ചെയ്യുക എന്ന കോണ്‍ഗ്രസിന്റെ പതിവ് തന്ത്രം ഇത്തവണയും നേതൃത്വം ഭംഗിയായി നിര്‍വഹിച്ചു.
സുധീരനും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ തന്നെയാകും സംസ്ഥാന കോണ്‍ഗ്രസിനെ ഇനിയും നയിക്കുക എന്ന് യോഗത്തിന് ശേഷം വ്യക്തമായി. എന്നാല്‍ യോഗത്തില്‍ സുധീരനെ നിലയ്‌ക്കു നിര്‍ത്തുന്നതിന് എ ഐ ഗ്രൂപ്പുകള്‍ ഒരു ശ്രമം തന്നെ നടത്തി ആദര്‍ശം കൊണ്ട് ജയിക്കാനാകില്ലെന്നും മദ്യനയവും സര്‍ക്കാരിനെ വിമര്‍ശിച്ച നടപടിയും തോല്‍വിക്ക് വഴിവെച്ചെന്ന് കെപിസിസി പ്രസിഡന്റിനെ കൊള്ളിച്ച് ഗ്രൂപ്പുകള്‍ ആരോപണം തൊടുത്തുവിട്ടു. ആരോപണങ്ങള്‍ കൂന്നോളം കേട്ടിട്ടും മറുപടി പ്രസംഗത്തില്‍ സുധീരന്‍ സംയമനം പാലിച്ചു. തനിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വ്യക്തിപരമായി വിഷമമില്ലെന്ന് ഉമ്മന്‍
ചാണ്ടിയും വ്യക്തമാക്കി. പോസ്‌റ്റു മോര്‍ട്ടം ആവശ്യമില്ലെന്നും എങ്ങനെ മികച്ച രീതിയില്‍ മുന്നോട്ടു പോകാം എന്ന ചര്‍ച്ചയും അതിനുള്ള ആശയവുമാണ് വേണ്ടതെന്നുമാണ് ചെന്നിത്തല പറഞ്ഞത്. അതായത് മൂവര്‍ സംഘം പരസ്‌പരം അക്രമിക്കാതെ അടുപ്പക്കാരെക്കൊണ്ട് കാര്യങ്ങള്‍ നടത്തി.
യോഗത്തില്‍ കെ ബാബു, എംഎം ഹസന്‍, വിഡി സതീശന്‍, കെസി വേണു ഗോപാല്‍ എന്നിവര്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് താല്‍ക്കാലിക കരുത്ത് തെളിയിച്ചെങ്കിലും മൂവര്‍ സംഘത്തിന്റെ ഇരിപ്പടത്തെ ഇളക്കാന്‍ ഇവര്‍ക്കാകില്ല. മൂവരും തീരുമാനങ്ങള്‍ ഒരുമിച്ചെടുക്കുകയും വീഴ്‌ചകളില്‍ പഴിചാരാതെ കൂട്ടായി മുന്നോട്ടു പോകാനുമാണ് തീരുമാനിച്ചിരിക്കുന്നത്. തിരിച്ചടികള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഇവര്‍ക്കും വ്യക്തമായ ധാരണയുള്ളതിനാല്‍ എത്ര വീഴ്‌ചകള്‍ ഉണ്ടായാലും മൂവര്‍ സംഘം കോണ്‍ഗ്രസിനെ മുന്നോട്ടു കൊണ്ടു പോകുമെന്ന് വ്യക്തമാണ്.