മുഖ്യമന്ത്രിയെ പരോക്ഷമായി ആക്രമിച്ച് വീക്ഷണം; ‘കരുണാകരന്‍ കോൺഗ്രസിനെ പെരുവഴിയിൽ കെട്ടിയ ചെണ്ട പോലെ ആരെയും കൊട്ടാനനുവദിച്ചില്ല’

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , കോണ്‍ഗ്രസ് , മുഖപത്രം , കരുണാകരന്‍ , വീക്ഷണം
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 22 ഡിസം‌ബര്‍ 2015 (11:35 IST)
മുന്‍ മുഖ്യമന്ത്രി കെ കരുണാകരനുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ താരതമ്യം ചെയ്‌ത് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ഉമ്മന്‍ചാണ്ടിയുടെ പേര് പറയാതെ അദ്ദേഹത്തെ പരോക്ഷമായി വിമര്‍ശിക്കുന്ന രീതിയിലാണ് മുഖപത്രം. കരുണാകരന്റെ അഞ്ചാം ചരമവാർഷികം നാളെയാണ്. അതുമായി ബന്ധപ്പെടുത്തി 'ലീഡർ സ്മരണയ്ക്ക് കൂപ്പുകൈ' എന്ന ശീർഷകത്തിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്.

തലയുള്ളപ്പോൾ വാലാടുന്ന രീതി കരുണാകരൻ വച്ചുപൊറുപ്പിച്ചിരുന്നില്ല. എല്ലാ ഘടകകക്ഷികള്‍ക്കും അര്‍ഹമായത് നല്‍കിയ അദ്ദേഹം കോൺഗ്രസിനെ പെരുവഴിയിൽ കെട്ടിയ ചെണ്ട പോലെ ആരെയും കൊട്ടാനനുവദിച്ചില്ല. എന്നാൽ, അനർഹമായത് അവകാശപ്പെടാനും കൈയിട്ടുവാരാനും ആരെയും അനുവദിച്ചുമില്ല. തന്നെ ധിക്കരിക്കാന്‍ ഒരു ഉദ്യോഗസ്ഥനെയും കരുണാകരന്‍ അനുവദിച്ചിരുന്നുല്ലെന്നും
വീക്ഷണം പറയുന്നു. 1967ൽ കൈവിരൽ എണ്ണമായ ഒമ്പതിൽ ഒതുങ്ങിപ്പോയ കോൺഗ്രസിനെ 70ലെ തെരഞ്ഞെടുപ്പിൽ 32സീറ്റുകളോടെ വിജയക്കൊടുമുടിയിലെത്തിച്ചത് കരുണാകരന്റെ ചാണക്യ തന്ത്രങ്ങളായിരുന്നു. സാമുദായിക സംഘടനകളുമായി തുല്യ അടുപ്പം കാണിച്ചത് കരുണാകരന്‍ മാത്രമായിരുന്നുവെന്നും വീക്ഷണം പറയുന്നുണ്ട്.

ഒരു സമുദായത്തിന് പരിഗണന, ഇതര സമുദായത്തിന് അവഗണന എന്ന വിവേചനം കരുണാകരന്റെ വാക്കിലും പ്രവൃത്തിയിലും ഉണ്ടായിരുന്നില്ല. കരുണാകരന്റെ ബന്ധം ചുമലിൽ തട്ടിയുള്ള സൗഹാർദ്ദമായിരുന്നു, കാലിൽ തൊട്ടുള്ള വിധേയത്വമായിരുന്നില്ല. അസാമാന്യ ഭരണ നിർവഹണ ശേഷി ഉണ്ടായിരുന്ന കരുണാകരന്റെ ആജ്ഞകളെ ധിക്കരിക്കാൻ ഒരു ഉദ്യോഗസ്ഥനും ധൈര്യപ്പെട്ടിരുന്നില്ല. മന്ത്രിസഭയിലെ സഹപ്രവർത്തകർക്കുപോലും ഭരണഘടനാ വിധേയമായ ലക്ഷ്മണരേഖ ചാടിക്കടക്കാൻ സാധിക്കുമായിരുന്നില്ലെന്നും വീക്ഷണത്തില്‍ പറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :