രേണുക വേണു|
Last Modified ചൊവ്വ, 18 ജൂലൈ 2023 (15:13 IST)
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെ. വ്യാഴാഴ്ച പുതുപ്പള്ളി പള്ളിയില്‍ വെച്ചാണ് ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പൊലീസ് സേനയുടെ ഔദ്യോഗിക ബഹുമതികള്‍ ഒന്നും ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ശുശ്രൂഷയില്‍ ഉണ്ടാകില്ല. ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെ വേണം തന്നെ പുതുപ്പള്ളിയില്‍ സംസ്‌കരിക്കാനെന്ന് ഉമ്മന്‍ചാണ്ടി ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ വീട്ടുകാരോടും പാര്‍ട്ടി നേതാക്കളോടും പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യം അനുസരിച്ച് തന്നെ മതി സംസ്‌കാര ചടങ്ങുകളെന്ന് കുടുംബാംഗങ്ങളും കോട്ടയം ഡിസിസിയും തീരുമാനിക്കുകയായിരുന്നു.
ഇന്ന് വൈകീട്ടോടെ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം ബെംഗളൂരുവില്‍ നിന്ന് വിമാന മാര്‍ഗം തിരുവനന്തപുരത്തേക്ക് എത്തിക്കും. കെപിസിസി ആസ്ഥാനത്തും ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും പൊതു ദര്‍ശനത്തിനു വയ്ക്കും. പിന്നീട് തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് മൃതദേഹം എത്തിക്കും.
ബുധനാഴ്ച രാവിലെ ഏഴു മണിയോടെ പുതുപ്പള്ളി വീട്ടില്‍ നിന്ന് വിലാപയാത്ര ആരംഭിക്കും. കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിനു വെച്ച ശേഷം രാത്രിയോടെ വീണ്ടും പുതുപ്പള്ളിയിലേക്ക് എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയില്‍വെച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും.