സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 28 നവംബര്‍ 2025 (16:43 IST)
ശബരിമലയില്‍ സാധുവായ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രമേ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാവൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. പാസില്‍ പറഞ്ഞിരിക്കുന്ന സമയക്രമം കര്‍ശനമായി പാലിക്കണമെന്ന് കോടതി പറഞ്ഞു. വ്യാജ പാസുകളുമായി എത്തുന്നവരെയും ബുക്കിംഗ് പൊരുത്തപ്പെടാത്ത തീയതികളില്‍ വരുന്നവരെയും പ്രവേശനം അനുവദിക്കരുത്. ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നിയന്ത്രണങ്ങളും വെര്‍ച്വല്‍ ക്യൂ സംവിധാനവും ഉണ്ടായിരുന്നിട്ടും പ്രതിദിനം ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 70,000 പേര്‍ക്ക് ശബരിമല സന്ദര്‍ശിക്കാം.
കൂടാതെ 5000 സ്‌പോട്ട് ബുക്കിംഗുകളും അനുവദിച്ചിട്ടുണ്ട്. ഏകദേശം 7000 വെര്‍ച്വല്‍ ക്യൂ പാസുകള്‍ പരിശോധിച്ചു. എന്നാല്‍ പല കേസുകളിലും വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വ്യാജ പാസുകള്‍ ഉപയോഗത്തിലുണ്ടാകാമെന്ന സംശയം ഉയര്‍ന്നു. സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട കോടതി സ്വന്തം നിലയില്‍ നടപടി ആരംഭിച്ചു.