ഗള്‍ഫ് മലയാളികളെ പിഴിയാന്‍ എയര്‍ ഇന്ത്യയും, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

ദുബായ്‌| VISHNU N L| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (11:21 IST)
ഓണം ആഘോഷിക്കാനും ബന്ധുക്കലോടൊപ്പം ചേരാനും നാട്ടിലെത്തുന്ന ഗള്‍ഫ് മലയാളികളെ പിഴിയാന്‍ എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി. കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് വിമാനക്കമ്പനികള്‍ കുത്തനെ കൂട്ടിയത്. ഉത്സവ സീസണില്‍ നാട്ടിലെത്തുന്നവരെ പരമാവധി ചൂഷണം ചെയ്യുന്ന രീതിയില്‍ പത്തിരട്ടി വരെ വര്‍ധനയുണ്ടായിട്ടുള്ളതായി യാത്രക്കാര്‍ പറയുന്നു.

സ്വകാര്യ വിമാനക്കമ്പനികള്‍ക്കൊപ്പം എയര്‍ ഇന്ത്യയും കൂട്ടുചേര്‍ന്നത് വിദേശ മലയാളികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേരളത്തില്‍ ഓണക്കാലം കഴിയുന്നതിനു മുമ്പേ ഗള്‍ഫ് രാജ്യങ്ങളില്‍ വേനലവധി കഴിയും. ഈ സമയത്ത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് നിരവധിപ്പേര്‍ യാത്രചെയ്യുമെന്നുള്ള ചാകര മുന്‍‌കൂട്ടികണ്ടാണ് വിമാനക്കമ്പനികള്‍ നിരക്കുകള്‍ കൂട്ടിയത്.

എന്നാല്‍ കൂടിയ തുകയ്ക്ക് പോലും ടിക്കറ്റുകള്‍ കിട്ടാനില്ലാത്ത സ്ഥിതിയിലാണ്. ഫലത്തില്‍ കുടുംബസമേതം നാട്ടിലെത്തിയ ഗള്‍ഫ് മലയാളികള്‍ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. അതേസമയം, സമീപ സംസ്‌ഥാനങ്ങളില്‍ നിന്ന്‌ ഗള്‍ഫ്‌ മേഖലയിലേക്കുളള ടിക്കറ്റ്‌ നിരക്കില്‍ വര്‍ധനയില്ല. അവിടെ നിന്ന്‌ കേരളത്തെ അപേക്ഷിച്ച്‌ പകുതി നിരക്കില്‍ ടിക്കറ്റ്‌ ലഭിക്കുമെന്ന സ്‌ഥിതിവിശേഷമാണ്‌.

തിരുവനന്തപുരത്തു നിന്ന്‌ ദുബായിലേക്ക്‌ എയര്‍ ഇന്ത്യ ഇപ്പോള്‍ 51,390 രൂപയും കുവൈത്തിലേക്ക്‌ 60,303 രൂപയും ഒമാനിലേക്ക്‌ 57,612 രൂപയും സൗദിയിലേക്ക്‌ 42,810 രൂപയും സൗദിയിലേക്ക്‌ 39,554 രൂപയുമാണ്‌ ഈടാക്കുന്നത്‌. മറ്റു കമ്പനികള്‍ ഇതില്‍ കൂടുതല്‍ തുകയും ഈടാക്കുന്നു. സീസണ്‍ കഴിയും വരെ നിരക്ക്‌ വര്‍ധന നിലനില്‍ക്കുമെന്നാണ്‌ സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :