കൊച്ചി|
Sajith|
Last Modified ബുധന്‍, 27 ജനുവരി 2016 (14:07 IST)
മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഒരു കോടി 90 ലക്ഷം രൂപ നൽകിയതായി സോളാർ കേസ് പ്രതി
സരിത എസ് നായർ സോളാർ കമീഷന് മൊഴി നൽകി. വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനും രണ്ട് തവണയായി 40 ലക്ഷം രൂപ കൈക്കൂലി കൊടുത്തിട്ടുണ്ടെന്നും സരിത പറഞ്ഞു.
ഡൽഹി ചാന്ദ്നി ചൗക്കിൽ വെച്ച് തോമസ് കുരുവിളയുടെ പക്കലാണ് മുഖ്യമന്ത്രിക്ക് കൊടുക്കാനായി ഒരു കോടി 10 ലക്ഷം രൂപ നൽകിയത്. 80 ലക്ഷം രൂപ തിരുവനന്തപുരത്തെ വസതിയില്‍ വച്ചാണ് നല്‍കിയത്.
ആര്യാടന്റെ ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ലാവിൽ വെച്ച് അദ്ദേഹത്തിന് ആദ്യം 25 ലക്ഷം നൽകിയിരുന്നു. പിന്നീട് സ്റ്റാഫ് മുഖാന്തരം ബാക്കിയുള്ള 15 ലക്ഷവും കൈമാറി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു താന്‍ ആര്യാടനെ കണ്ടത്. ആര്യാടന്റെ പി എ കേശവൻ രണ്ട് കോടി രൂപയാണ് തന്നോട് ആവശ്യപ്പെട്ടതെന്നും സരിത മൊഴി നൽകി.
2011 ജൂണിൽ ടീം സോളാറിന്റെ നിവേദനവുമായിട്ടാണ് ആദ്യമായി മുഖ്യമന്ത്രിയെ കണ്ടത്. ഗണേഷ്കുമാറിന്റെ പിഎയാണ് മുഖ്യമന്ത്രിയെ കാണാൻ വേണ്ടി തനിക്ക് സൗകര്യമൊരുക്കിയത്. നിവേദനവുമായി ഒരാൾ വരുന്നുണ്ടെന്നും പരിശോധിക്കണമെന്നും മുഖ്യമന്ത്രിതന്നെയാണ് ആര്യാടനെ വിളിച്ച് പറഞ്ഞത്. അനർട്ടുമായി ചേർന്ന് സോളാർ പദ്ധതി നടപ്പാക്കാനായിരുന്നു ഉദ്ദേശിച്ചത്. ഇതിന് സൗകര്യം ചെയ്ത് തരാമെന്ന് ആര്യാടൻ സമ്മതിച്ചു. കല്ലട ഇറിഗേഷൻ പദ്ധതി സ്ഥലം സന്ദർശിക്കാനും അദ്ദേഹം അനുമതി നൽകി. സരിത വ്യക്തമാക്കി
മുഖ്യമന്ത്രിയെ പിന്നീട് പലതവണ കണ്ടിട്ടുണ്ട്.മുഖ്യമന്ത്രിതന്നെയാണ് ജോപ്പന്റെ നമ്പർ നൽകിയത്. ജിക്കുമോന്റേയും ജോപ്പന്റേയും ഫോണിലൂടെ പലതവണ താന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഏഴ് കോടി രൂപ കൊടുക്കേണ്ടി വരുമെന്ന്
പറഞ്ഞത് ജിക്കുമോനാണെന്നും സരിത മൊഴിനൽകി.
അതേസമയം,സരിത പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന നിലപാടിലാണ് ആര്യാടൻ മുഹമ്മദിന്റെ പി എ കേശവൻ ചാനലുകളോട് പ്രതികരിച്ചത്. ഈ ആരോപണത്തോട് പ്രതികരിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇതുവരെ തയാറായില്ല.