റെയ്‌നാ തോമസ്|
Last Modified തിങ്കള്‍, 20 ജനുവരി 2020 (12:28 IST)
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവും എംഎല്‍എയുമായ ഒ. രാജഗോപാല്‍. ഗവര്‍ണറും മുഖ്യമന്ത്രിയും മര്യാദ ലംഘിക്കുന്നു. ജനങ്ങളുടെ മുന്നില്‍ പോരടിക്കുന്നത് ശരിയല്ല. ഇരുവരും സംയമനം പാലിക്കണം. ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടു.
പൗരത്വ നിയമത്തിനെതിരെ സംസ്ഥാനം കോടതിയെ സമീപിച്ചത് ഗവര്‍ണറെ അറിയിക്കണമായിരുന്നു എന്നും രാജഗോപാല്‍ പറഞ്ഞു. കേരള ഗവര്‍ണര്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനെ പോലെ പെരുമാറുന്നു എന്ന് പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും നേതാക്കള്‍ ആരോപിക്കുന്നതിനിടെയാണ് രാജഗോപാലിന്റെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്.
പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ സഭയിലെ ഏക ബിജെപി എംഎല്‍എയായ ഒ രാജഗോപാല്‍ എതിര്‍ത്ത് വോട്ട് ചെയ്യാതിരുന്നതും ചര്‍ച്ചയായിരുന്നു. സഭയില്‍ പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുക മാത്രമാണ് ഒ രാജഗോപാല്‍ ചെയ്തത്. പ്രമേയം അവതരിപ്പിക്കരുതെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നുമായിരുന്നു ഒ രാജഗോപാലിന്റെ നിലപാട്.