ചിപ്പി പീലിപ്പോസ്|
Last Modified ഞായര്‍, 19 ജനുവരി 2020 (14:16 IST)
മതസാഹോദര്യത്തിന്റെ മനോഹരമായ മറ്റൊരു മാതൃകയാണ് ചേരാവള്ളിയിൽ ഇന്നു നടന്ന കല്യാണം. ശരത്തിന്റേയും അഞ്ജുവിന്റേയും വിവാഹത്തിനു മുന്നിൽ മതവ്യത്യാസങ്ങൾ മാറിനിന്നു. ചേരാവള്ളി മുസ്ലീം ജമായത്ത് പള്ളിയിൽ തയ്യാറാക്കിയ കതിർ മണ്ഡപത്തിൽ ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റേയും പരേതനായ അശോകന്റേയും മകൾ അഞ്ജുവും കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റേയും മിനിയുടേയും മകൻ ശരത്തും വിവാഹിതരായി.
അശോകൻ മരിച്ചതോടെ ജീവിതം പ്രസിസന്ധിയിലായ ബിന്ദു മകളുടെ വിവാഹം നടത്താൻ അയൽവാസിയും ജമാഅത്ത് സെക്രട്ടറിയുമായ നുജുമുദീൻ ആലുംമൂട്ടിലിന്റെ സഹായം തേടിയിരുന്നു. വിഷയം കമ്മറ്റിക്കു മുന്നിലെത്തി. അവർ ഒത്തൊരുമിച്ച് അഞ്ജുവിന്റെ വിവാഹം നടത്താൻ മുൻകൈ എടുക്കുകയായിരുന്നു. സംഭവത്തിൽ അഭിനന്ദനവുമായി മുഖ്യമന്ത്രിയുമെത്തി. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയിൽ രചിക്കപ്പെട്ടത്. ചേരാവള്ളി മുസ്ലീം ജമായത്ത് പള്ളിയിൽ തയ്യാറാക്കിയ കതിർ മണ്ഡപത്തിൽ ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റേയും പരേതനായ അശോകന്റേയും മകൾ അഞ്ജുവും കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റേയും മിനിയുടേയും മകൻ ശരത്തും വിവാഹിതരായി.
ഭർത്താവിന്റെ മരണത്തെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ബിന്ദു മകളുടെ വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ സഹായം തേടുകയും, അവർ സന്തോഷപൂർവ്വം അത് ഏറ്റെടുക്കുകയും ചെയ്തു. മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകൾ തകർത്തുകൊണ്ട് മുന്നേറാൻ ഇവർ നാടിനാകെ പ്രചോദനമാകുന്നത്. വധൂവരൻമാർക്കും കുടുംബാംഗങ്ങൾക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു. കേരളം ഒന്നാണ്; നമ്മൾ ഒറ്റക്കെട്ടാണ് എന്ന് കൂടുതൽ ഉച്ചത്തിൽ നമുക്ക് പറയാം - ഈ സുമനസ്സുകൾക്കൊപ്പം.