തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 20 ജൂലൈ 2017 (18:36 IST)
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ 22 ദിവസമായി നടത്തിവന്ന സമരം ഒത്തുതീർപ്പായി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ അടിസ്ഥാന ശമ്പളം 20,000 രൂപയായി നിശ്ചയിച്ചു.
സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പളം നല്കാന് മാനേജ്മെന്റുകള്‍ സമ്മതിച്ചു.
50 കിടക്കകൾ വരെയുള്ള സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശമ്പളം 20,000 രൂപയായാണ് ഉയർത്തിയത്. ഇത് സംബന്ധിച്ച് എല്ലാ സംഘടനകളും ധാരണയിലെത്തിയെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
50ന് മേലെ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം തീരുമാനിക്കാൻ സർക്കാർ നാലംഗ സമിതിയെ നിയോഗിച്ചു. സമിതി ഒരു മാസത്തിനകം റിപ്പോർട്ട് നൽകും. തൊഴിൽ, ആരോഗ്യ, നിയമ വകുപ്പുകളുടെ സെക്രട്ടറിമാരാണ് സമിതി അംഗങ്ങൾ.
ഈ റിപ്പോർട്ട് പരിഗണിച്ചാവും 50ന് മേലെ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ വേതനത്തിൽ തീരുമാനമെടുക്കുക. കൂടാതെ, നഴ്സുമാരുടെ ട്രെയിനിംഗ് കാലാവധി, സ്റ്റൈപ്പന്റ് വർധനവ് എന്നിവയിലും സമിതി നൽകുന്ന റിപ്പോർട്ട് പരിഗണിച്ച് തീരുമാനമെടുക്കും.
സമരം നടത്തിയവരോട് പ്രതികാര നടപടി പാടില്ലെന്ന് മുഖ്യമന്ത്രി മാനേജ്മെന്റ് പ്രതിനിധികളോട് നിർദ്ദേശിച്ചു. സമരം പിന്‍വലിക്കാന്‍ തീരുമാനമെന്ന് നഴ്സുമാരുടെ സംഘടനയായ യുഎന്‍എ അറിയിച്ചു.