സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (09:10 IST)
തിരുവനന്തപുരം: വിഴിഞ്ഞത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് അവലോകനം നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് സാമ്പിള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. രണ്ട് കുട്ടികള്‍ക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ശ്രദ്ധിക്കണം. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.