സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളില്ല, അഞ്ച് പേർക്ക് രോഗമുക്തി

തിരുവനന്തപുരം| അഭിറാം മനോഹർ| Last Modified വ്യാഴം, 7 മെയ് 2020 (17:23 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആർക്കും പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് ഇത് തുടർച്ചയായ ആശ്വാസദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. 5 പേർക്ക് രോഗമുക്തി നേടാനായതും കേരളത്തിന് നേട്ടമായി.. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്നുപേരുടേയും കാസര്‍കോട് ജില്ലയിലെ രണ്ടുപേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.സംസ്ഥാനത്ത് 473 പേരാണ് ഇതുവരെ കൊവിഡ് 19ൽ നിന്നും രോഗമുക്തി നേടിയത്. നിലവിൽ 25 പേർ സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 16,383 പേർ വീടുകളിലും 310 പേർ ആശുപത്രികളിലുമാണ്. 131 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇതുവരെ 35,171 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.കൂടാതെ ആരോഗ്യ പ്രവർത്തകർ,അതിഥി തൊഴിലാളികൾ
സാമൂഹിക സമ്പർക്കം കൂടുതലുള്ള മറ്റുള്ളവർ എന്ന മുൻഗണനാ ഗ്റൂപ്പിൽ നിന്നും 3035 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2337 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് സംസ്ഥാനത്ത് പുതിയ ഹോട്ട്സ്പോട്ടുകൾ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 56 പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്‌തു. സംസ്ഥാനത്ത് നിലവില്‍ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :