എ പ്ലസ് കൂടിയാൽ വിശ്വാസ്യത പോകും, 10,പ്ലസ് ടു പരീക്ഷാ ചോദ്യഘടന മാറ്റില്ലെന്ന് വിദ്യഭ്യാസ വകുപ്പ്

അഭിറാം മനോഹർ| Last Modified വെള്ളി, 21 ജനുവരി 2022 (15:07 IST)
വ്യാപകമായ എതിർപ്പ് ഉയരുമ്പോഴും പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്ക് നിശ്ചയിച്ച ചോദ്യഘടനയിൽ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. ഫോക്കസ് ഏരിയയിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയാൽ പരീക്ഷാ നടത്തിപ്പിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

അതേസമയം ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നും കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ നേരത്തെ അറിയിക്കേണ്ടിയിരുന്നുവെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. കൊവിഡ് മൂലം ക്ലാസുകൾ കൃത്യമായി നടക്കാതിരിക്കുന്ന സാഹചര്യത്തിൽ ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ കുറച്ചതാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

കഴിഞ്ഞ തവണ 80 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നായിരുന്നുവെങ്കിൽ ഇത്തവണ അത് 70 ശതമാനമാക്കി കുറച്ചു. ഇതോടെ
എ ഗ്രേഡും എ പ്ലസ് ഗ്രേഡും കിട്ടണമെങ്കിൽ വിദ്യാർത്ഥികൾ പാഠപുസ്തകം മുഴുവൻ പഠിക്കേണ്ട സാഹചര്യമാണ്.

ഇടത് അധ്യാപക സംഘടനകളടക്കം എതിർപ്പ് ഉയർത്തുമ്പോഴാണ് നിലപാട് മാറ്റില്ലെന്ന് വിദ്യഭ്യാസവകുപ്പ് ആവർത്തിക്കുന്നത്. കഴിഞ്ഞവർഷത്തെ ഫലം വിശദമായി പഠിച്ചാണ് തീരുമാനമെന്നാണ് വിശദീകരണം. ഫോക്കസ് ഏരിയ മാത്രം പഠിച്ചവർ പ്രവേശനപരീക്ഷകളിൽ പിന്നോക്കം പോയെന്ന വിലയിരുത്തലുണ്ടെന്നാണ് മറ്റൊരു ന്യായീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :