ട്രഷറികളില്‍ പണമില്ല; ശമ്പളവും പെന്‍ഷനും ലഭിക്കാതെ മടങ്ങിയത് പതിനായിരങ്ങള്‍; ഇടുക്കിയിലും ആലപ്പുഴയിലും സംഘര്‍ഷം

ട്രഷറികളില്‍ പണമില്ല

തിരുവനന്തപുരം| Last Modified വെള്ളി, 2 ഡിസം‌ബര്‍ 2016 (09:22 IST)
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ശമ്പളദിനങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് പ്രതീക്ഷിച്ചത് അസ്ഥാനത്തായില്ല. ട്രഷറികളില്‍ ആവശ്യത്തിന് പണം എത്താത്തതിനെ തുടര്‍ന്ന് ശമ്പളവും പെന്‍ഷനും വാങ്ങാനെത്തിയ പതിനായിരക്കണക്കിന് ആളുകളാണ് നിരാശരായി മടങ്ങിയത്. ഗ്രാമീണമേഖലകളിലെ ട്രഷറികളില്‍ പണം എത്താതിരുന്നതും ആളുകളെ വലച്ചു.

പണം ലഭിക്കാത്തതിനെ തുടര്‍ന്ന് മിക്കയിടങ്ങളിലും പ്രതിഷേധം അരങ്ങേറി. ഇടുക്കി, ജില്ലകളില്‍ സംഘര്‍ഷം ഉണ്ടായി. വെള്ളിയാഴ്ചയും ആവശ്യത്തിന് പണം ട്രഷറികളില്‍ എത്തിയില്ലെങ്കില്‍ പ്രശ്നം രൂക്ഷമാകും.

ശമ്പള - പെന്‍ഷന്‍ വിതരണത്തിന് വ്യാഴാഴ്ചത്തേക്ക് മാത്രം 167 കോടി രൂപ നല്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വൈകുന്നേരം ആറുമണിവരെ കിട്ടിയത് 111 കോടി രൂപ മാത്രമായിരുന്നു. എന്നാല്‍, 12 ട്രഷറികളില്‍ ഒരു രൂപയും എത്തിയില്ല. കാസര്‍കോഡ് ജില്ല ട്രഷറിയില്‍ ഉച്ചയ്ക്ക് ശേഷമാണ് പണമെത്തിയത്.

ഒരു കോടി രൂപ ആവശ്യപ്പെട്ട മലബാറിലെ ഒരു ട്രഷറിക്ക് അഞ്ചുലക്ഷം രൂപയാണ് നല്കിയത്. പണം ഇല്ലാത്തതിനാല്‍ 24, 000 ആവശ്യപ്പെട്ടവര്‍ക്ക് 5,000 രൂപ വീതം ഓരോരുത്തര്‍ക്കും നല്കി പ്രശ്നം പരിഹരിച്ചു. അതേസമയം, വെള്ളിയാഴ്ച മുതല്‍ ശമ്പള - പെന്‍ഷന്‍ വിതരണം എങ്ങനെയാകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മന്ത്രി ഡോ തോമസ് ഐസക്ക് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :