തിരുവനന്തപുരം/കൊച്ചി|
jibin|
Last Updated:
വെള്ളി, 19 ഫെബ്രുവരി 2016 (15:55 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഇടതു- വലതു മുന്നണികള്‍ക്ക് മാത്രമല്ല കേരളത്തില്‍ അക്കൌണ്ട് തുറക്കുകയെന്ന മോഹവുമായി നടക്കുന്ന ബിജെപിക്കും നിര്‍ണായകമാണ്. ഭരണവിരുദ്ധവികാരവും ഭരണത്തുടര്‍ച്ചയും മുന്നില്‍ കാണുന്ന ഇരു മുന്നണികളും സിനിമാ താരങ്ങളെ കളത്തിലിറക്കി വിജയം കൊയ്യാനുള്ള തീവ്രശ്രമത്തിലാണ്.
ബിജെപിയുടെ ലിസ്‌റ്റില്‍ പ്രധാനമായുള്ളത് സുരേഷ് ഗോപിയാണ്. താരത്തെ പത്തനംതിട്ടയിലേയോ തിരുവനന്തപുരത്തേ നിര്‍ത്തി ജയിപ്പിച്ചെടുക്കാനുള്ള നീക്കത്തിലാണ് ബിജെപി. അതേസമയം, ഇടതു പരിപാടികളില്‍ സജീവമായി നില്‍ക്കുകയും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ കൂടെ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും ചെയ്‌ത മുകേഷിനാണ് ഇടതു ചേരി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംഗീത നാടക അക്കാദമി ചെയമാന്‍ സ്ഥാനം വഹിച്ച മുകേഷിനെ സിപിഐയുടെ ഭാഗമായി നിര്‍ത്തി ജയിപ്പിക്കാന്‍ നിക്കം നടക്കുന്നുണ്ട്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ജൈവകൃഷിയും സിപിഎമ്മിന്റെ നിലപാടുകളെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന ശ്രീനിവാസനെ മത്സരിപ്പിക്കുമെന്നുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. തൃപ്പൂണിത്തറയിലെ കോണ്‍ഗ്രസിന്റെ ശക്തിയായ എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരെ ശ്രീനിവാസനെ മത്സരിപ്പിക്കാനാണ് സിപിഎമ്മിന്റെ നിക്കം. അതേസമയം, സിപിഎം ടിക്കറ്റില്‍ മത്സരിക്കുമോ എന്ന വിഷയത്തില്‍ താരം ഇതുവരെ മനസ് തുറന്നിട്ടില്ല.
ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് മലയാളസിനമയിലേക്ക് ഇറങ്ങിച്ചെന്ന ചാലക്കുടിയുടെ പ്രീയതാരം കലാഭവന്‍ മണിയെ തൃശൂരില്‍ എവിടെയെങ്കിലും മത്സരിപ്പിക്കാന്‍ സിപിഎം നീക്കം നടത്തുന്നുണ്ട്. മണിയെ ഈ കാര്യം അറിയിച്ചതായും സമ്മതം മൂളിയാല്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുമെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതിനൊപ്പം തന്നെ ഉയര്‍ന്നു നില്‍ക്കുന്ന പേരാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്‌ണനും. ഇരുവരുമായി ഇടത് നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
ഇടത് സഹയാത്രികനും യുഡിഎഫ് നിലപാടുകളെ ശക്തമായി എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ആഷിക് അബുവിനെയും സിപിഎം പരിഗണിക്കുന്നുണ്ട്. ആഷികിന് താല്‍പ്പര്യമില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ റീമ കല്ലിങ്കലിനെയും പരിഗണിക്കുമെന്നുമാണ് അറിയുന്നത്. എന്നാല്‍, ഉമ്മന്‍ചാണ്ടിയെ പതിവായി പുകഴ്‌ത്തുകയും ഭരണനേട്ടങ്ങള്‍ വേദികളില്‍ തുറന്നുപറയുകയും ചെയ്യുന്ന സിദ്ദിഖിനെ യുഡിഎഫ് പാളയത്തില്‍ എത്തിക്കാം തകൃതിയായ നീക്കം നടക്കുന്നുണ്ട്.
കോണ്‍ഗ്രസ് വേദികളില്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയ സിദ്ദിഖ് മത്സരിച്ചേക്കുമെന്നാണ് അണിയറയില്‍ നിന്ന് ഉയരുന്ന വാര്‍ത്തകള്‍.