തിരുവനന്തപുരം/ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 17 മെയ് 2016 (13:33 IST)
നിയമസഭ തെരഞ്ഞെടുപ്പിന്റ ഫലം വ്യാഴാഴ്‌ച പുറത്തുവരാനിരിക്കെ എക്‍സിറ്റ് പോള്‍ പ്രവചനം എല്‍ഡിഎഫിന് അനുകൂലമായി വിധിയെഴുതിയതോടെ സിപിഎമ്മില്‍ തുടര്‍ ചര്‍ച്ചകള്‍ സജീവമായി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രകാശ് കാരാട്ടും വെള്ളിയാഴ്‌ച കേരളത്തിലെത്തും.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെയും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെയും മുന്നില്‍ നിര്‍ത്തിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ സാഹചര്യത്തില്‍ വിജയം ഉറപ്പിച്ചാല്‍ ആരാകും മുഖ്യമന്ത്രിയാകുക എന്നത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും. ഈ സാഹചര്യത്തിലാണ് കേന്ദ്രനേതാക്കള്‍ സംസ്ഥാനത്ത് എത്തുന്നത്.
സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയേറ്റും ചേര്‍ന്ന് വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 22ന് ചേരുന്ന പി ബി യോഗത്തിലും സിസി യോഗത്തിലും വിഷയം ചര്‍ച്ചയ്‌ക്ക് വരും. വിഎസിനെ വീണ്ടും
മുഖ്യമന്ത്രിയാക്കുന്നതിനോട് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് താല്‍പര്യമില്ല. ഭൂരിഭാഗവും പിണറായിയെ പിന്തുണയ്‌ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനും വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതിനുമാണ് യെച്ചൂരിയും സംഘവും വെള്ളിയാഴ്‌ച എത്തിയത്.
സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാരിലെ അഞ്ചു മന്ത്രിമാര്‍ തോല്‍ക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിലാണ് മന്ത്രിമാരുടെ കൂട്ടത്തോല്‍വി പ്രവചിക്കുന്നത്. കെ എം മാണി, കെ ബാബു, എം കെ മുനീർ, വി കെ ഇബ്രാഹിംകുഞ്ഞ്, കെ പി മോഹനൻ എന്നിവർ തോൽക്കാൻ സാധ്യതയുണ്ടെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.