മുന്‍ നിയമസഭ സ്പീക്കറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ എ സി ജോസ് അന്തരിച്ചു

കൊച്ചി| JOYS JOY| Last Modified ശനി, 23 ജനുവരി 2016 (08:15 IST)
മുന്‍ സ്പീക്കറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ എ സി ജോസ് അന്തരിച്ചു. 79 വയസ്സായിരുന്നു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മാനേജിംഗ് ഡയറക്‌ടര്‍ ആയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം ലിസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഇടപ്പള്ളി സെൻറ് ജോര്‍ജ് പള്ളിയില്‍ നടക്കും. മൂന്നു തവണ ലോക്സഭാംഗമായിട്ടുള്ള അദ്ദേഹം നാലു മാസം നിയമസഭാ സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്. കെ എസ് യുവിലൂടെ രാഷ്‌ട്രീയരംഗത്ത് എത്തിയ അദ്ദേഹം കെ എസ് യു സംസ്ഥാന പ്രസിഡന്‍റ്, കെ പി സി സി വൈസ് പ്രസിഡന്‍റ്, കൊച്ചി മേയര്‍, യു എന്‍ പൊതുസഭയിലെ ഇന്ത്യന്‍ പ്രതിനിധി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കാസ്റ്റിങ് വോട്ട് ചെയ്ത സ്പീക്കറാണ് അദ്ദേഹം. കരുണാകരൻ മന്ത്രിസഭയെ നിലനിര്‍ത്തുന്നതിനു വേണ്ടിയായിരുന്നു അത്. 1980ല്‍ എറണാകുളം പറവൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു അദ്ദേഹം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 1982 ഫെബ്രുവരി മൂന്നു മുതല്‍ ജൂണ്‍ 23വരെയുള്ള ചുരുങ്ങിയ കാലയളവില്‍ ആയിരുന്നു നിയമസഭാ സ്പീക്കറായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :