കോട്ടയം|
jibin|
Last Modified തിങ്കള്‍, 19 മാര്‍ച്ച് 2018 (14:07 IST)
ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പുസ്തകത്തിലെ പരാമര്‍ശത്തിനെതിരെ പിസി ജോർജ് എംഎൽഎയുടെ മകൻ ഷോൺ ജോർജ് നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ വിഷയം തണുപ്പിക്കാന്‍ കേരള കോൺഗ്രസ് (എം) ശ്രമം ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്.
ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലൂടെ
നിഷ നടത്തിയ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് നാണക്കേടാകുന്ന സാഹചര്യത്തിലാണ് മാണി ഗ്രൂപ്പിലെ ചില ഉന്നതര്‍ വിവാദങ്ങള്‍ തണുപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇരു വിഭാഗവുമായി അടുത്ത ബന്ധമുള്ള ഒരു അധ്യാപകന്‍ വഴിയാണ് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
നിഷയുടെ വെളിപ്പെടുത്തലില്‍ വിവാദങ്ങളുമായി മുന്നോട്ടു പോകരുതെന്നും ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കാമെന്നും ചൂണ്ടിക്കാട്ടി മാണി വിഭാഗത്തിലെ ചില നേതാക്കള്‍ ഷോണിനെ കണ്ടു. എന്നാല്‍, താന്‍ പിന്നോട്ടില്ലെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഷോണ്‍ ഇവരോട് വ്യക്തമാക്കിയതായും കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആരോപണത്തിന്റെ മുൾമുനയില്‍ തന്നെ നിര്‍ത്തുകയും കേസ് നടപടികള്‍ ആരംഭിക്കുകയും ചെയ്‌ത പശ്ചാത്തലത്തില്‍ വിവാദങ്ങള്‍ സ്വയം അവസാനിപ്പിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നാണ് ഷോണ്‍ വ്യക്തമാക്കുന്നത്.
പുതിയ പരാതിയുമായി സംസ്ഥാന പൊലീസ് മേധാവിയെ സമീപിക്കാനൊരുങ്ങുന്ന ഷോണ്‍ നാളെ തന്നെ അഭിഭാഷൻ മുഖേന കോടതിയിൽ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യും.
ഒരു സ്ത്രീക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ പൊലീസ് സ്വമേധയാ കേസെടുക്കുകയും കാര്യത്തിൽ വ്യക്തത വരുത്തുകയും വേണമെന്നാണ് നിയമം. ഈ കേസിൽ ഇരതന്നെ സംഭവം വെളുപ്പെടുത്തിയിട്ടും ഇവരുടെ മൊഴി രേഖപ്പെടുത്താനോ കേസെടുക്കാനോ പൊലീസ് തയ്യാറാകാത്തതിനെതിരെയാണ് ഷോൺ ഡിജിപിക്ക് പരാതി നൽകുന്നത്.
നിഷയ്‌ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കടക്കം ഷോണ്‍ നല്‍കിയ പരാതി പൊലീസ് തള്ളിയിരുന്നു. പരാതിയില്‍ പറയുന്ന വകുപ്പുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നും ഷോണിന് കോടതിയെ സമീപിക്കാമെന്നും ഈരാറ്റുപേട്ട പൊലീസ് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.
ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലാണ് നിഷയുടെ വെളിപ്പെടുത്തല്‍. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വച്ച് കയറിപ്പിടിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല.
പിന്നീട് കോട്ടയത്തുള്ള വിവാദ നേതാവിന്റെ മകനാണെന്നും ഇയാള്‍ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ പോകുന്ന വഴിക്കാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്നും നിഷ വെളിപ്പെടുത്തിയിരുന്നു.