നിറപറ കറിപൌഡര്‍ നിരോധനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി| VISHNU N L| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (16:24 IST)
നിറപറയുടെ കറിപ്പൌഡറുകള്‍ നിരോധിച്ച ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കമ്മിഷണറുടെ ഉത്തരവിൽ ഈ ഉത്പന്നങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്ന് പറയുന്നില്ലെന്നും നിയമപ്രകാരം ഉത്പന്നങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാൽ കമ്മിഷണറുടെ ഉത്തരവ് നിലനിൽക്കില്ലെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവിൽ പറയുന്നു.

നിറപറയുടെ മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവയുടെ നിർമാണവും വിപണനവുമാണ് ഭക്ഷ്യസുര്‍ക്ഷാ കമ്മീഷണര്‍ തടഞ്ഞത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിൽ സ്റ്റാർച്ച് (അന്നജം) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിറപറയുടെ മുളകുപൊടിയിലും മല്ലിപ്പൊടിയിലും മഞ്ഞൾപൊടിയിലും കണ്ടെത്തിയ സ്റ്റാർച്ച് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാൽ നിരോധനം നിലനിൽക്കില്ല. ആരോഗ്യത്തിന് ഹാനികരമല്ലെങ്കിൽ നിലവാരമില്ലെന്നു വ്യക്തമാക്കി നിരോധിക്കാൻ വ്യവസ്ഥയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഉത്തരവിനെതിരെ കെ.കെ.ആർ ഫുഡ് പ്രോഡക്ട്സിനു വേണ്ടി എൽദോ പി. വർഗീസ് നൽകിയ ഹർജി അനുവദിച്ചാണ് ഹൈക്കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ നടപടി ദുരുദ്ദേശ്യപരമാണെന്ന് ഹർജിക്കാർ ആരോപിച്ചെങ്കിലും ഇത്തരമൊരു സാഹചര്യം വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :