രേണുക വേണു|
Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (10:35 IST)
കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേരള പൊലീസിനെ പ്രശംസിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍. കേസില്‍ ഇതുവരെ കേരള പൊലീസിന്റെ കണ്ടെത്തല്‍ വസ്തുതാപരമാണെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കാനും ബോംബ് നിര്‍മിക്കാനും പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ പഠിച്ചതിനു തെളിവുകളുണ്ട്. അത് ഒറ്റയ്ക്ക് നിര്‍വഹിക്കാനുള്ള ശേഷിയും പ്രതിക്കുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
സ്‌ഫോടനക്കേസില്‍ കേരള പൊലീസ് കണ്ടെത്തിയ തെളിവുകളും കസ്റ്റഡിയിലുള്ള ഡൊമിനിക് മാര്‍ട്ടിന്റെ ആദ്യ മൊഴികളും ദേശീയ അന്വേഷണ ഏജന്‍സി പരിശോധിച്ചു. കുറ്റകൃത്യത്തില്‍ മറ്റാരെയും സംശയിക്കാവുന്ന മൊഴികളോ തെളിവുകളോ ലഭിച്ചിട്ടില്ല. കേരള പൊലീസിന്റെ അന്വേഷണം ശരിയായ വഴിക്കായിരുന്നെന്നും കേന്ദ്ര അന്വേഷണ ഏജന്‍സി പറയുന്നു.
കേരള പൊലീസിന്റെ അന്വേഷണത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനു തിരിച്ചടിയാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വിശദീകരണം. ഡൊമിനിക് മാര്‍ട്ടിന്‍ തനിച്ച് ഈ കുറ്റകൃത്യം ചെയ്‌തെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് ബിജെപി നേതാക്കളുടെ വാദം.