രേണുക വേണു|
Last Modified ശനി, 30 ഡിസംബര്‍ 2023 (10:48 IST)
പുതുവത്സരാഘോഷങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ കര്‍ശന നടപടികളുമായി പൊലീസ്. ഡിസംബര്‍ 31 ഞായറാഴ്ച സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം പൊലീസ് പരിശോധന ശക്തമാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പിടിവീഴും. വന്‍ പിഴയാണ് അത്തരക്കാരില്‍ നിന്ന് ഈടാക്കുക. പുതുവത്സരാഘോഷങ്ങള്‍ക്ക് ക്രമസമാധാനം ഉറപ്പ് വരുത്താനാണ് പൊലീസ് തയ്യാറെടുപ്പുകള്‍.
കൊച്ചിയില്‍ രാത്രി 12 മണിയോടെ പുതുവത്സരാഘോഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്നാണ് പൊലീസ് നിര്‍ദേശം. നഗരത്തിലും ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയിലും കര്‍ശന പൊലീസ് പരിശോധനയുണ്ടാകും. ശനിയാഴ്ച രാവിലെ മുതല്‍ തന്നെ നിരത്തുകളില്‍ കര്‍ശന പരിശോധന തുടങ്ങും. മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കും സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കും പൊലീസിന്റെ പിടിവീഴും.
പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന ഹോട്ടലുകളില്‍ പൊലീസ് പരിശോധനയുണ്ടാകും. തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ച ശേഷം മാത്രമേ പുതുവത്സരാഘോഷങ്ങള്‍ക്ക് ആളുകളേ ഹോട്ടലുകളില്‍ പ്രവേശിക്കാവൂ എന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.