തുറമുഖം വി.എന്‍.വാസവന്, ഗണേഷിന് സിനിമയില്ല; നിര്‍ണായകമായത് മുഖ്യമന്ത്രിയുടെ തീരുമാനം

കെ.ബി.ഗണേഷ് കുമാര്‍ സിനിമ വകുപ്പ് ആഗ്രഹിച്ചിരുന്നെങ്കിലും സിപിഎം എതിര്‍ത്തു

രേണുക വേണു| Last Modified ശനി, 30 ഡിസം‌ബര്‍ 2023 (09:38 IST)

ഘടകകക്ഷിയുടെ കൈവശമുണ്ടായിരുന്ന തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ വി.എന്‍.വാസവനാണ് ഇനി തുറമുഖ വകുപ്പിന്റെ ചുമതല. അഹമ്മദ് ദേവര്‍കോവില്‍ ആയിരുന്നു ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ദേവര്‍കോവിലിന് പകരം കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയായി എത്തുമ്പോള്‍ തുറമുഖ വകുപ്പ് നല്‍കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ വിഴിഞ്ഞം പദ്ധതി അടക്കം മുന്നില്‍കണ്ട് തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുക്കുകയായിരുന്നു.

ദേവര്‍കോവിലിന്റെ പുരാവസ്തു വകുപ്പിനൊപ്പം വാസവന്റെ കൈവശമുണ്ടായിരുന്ന രജിസ്‌ട്രേഷന്‍ വകുപ്പ് കൂടി കടന്നപ്പള്ളി രാമചന്ദ്രനു നല്‍കി. വിഴിഞ്ഞം തുറമുഖ പദ്ധതി വരും കാലങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. ഇത് പരിഗണിച്ചാണ് തുറമുഖ വകുപ്പിനെ പ്രധാന്യത്തോടെ കണ്ട് അത് സിപിഎം ഏറ്റെടുത്തത്. മന്ത്രിയെന്ന നിലയില്‍ സഹകരണ വകുപ്പില്‍ വാസവന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്. ഇത് കൂടി കണക്കിലെടുത്താണ് തുറമുഖ വകുപ്പ് കൂടി വാസവന് നല്‍കിയത്.

കെ.ബി.ഗണേഷ് കുമാര്‍ സിനിമ വകുപ്പ് ആഗ്രഹിച്ചിരുന്നെങ്കിലും സിപിഎം എതിര്‍ത്തു. നിലവില്‍ സജി ചെറിയാനാണ് സിനിമ വകുപ്പ് കൈകാര്യം ചെയ്യുന്നത്. പാര്‍ട്ടിയുടെ കൈയിലുള്ള വകുപ്പ് ഘടകകക്ഷിക്ക് കൈമാറേണ്ട ആവശ്യമില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് മാത്രമാണ് നല്‍കിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :