രേണുക വേണു|
Last Modified വെള്ളി, 7 ജനുവരി 2022 (09:39 IST)
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ച നീതു വിദഗ്ധമായ പ്ലാനിങ്ങിനു ശേഷമാണ് ഗര്‍ഭിണികളുടെ വാര്‍ഡിലേക്ക് കയറിയത്. ഇന്നലെ ഉച്ച കഴിഞ്ഞു 2.45നായിരുന്നു സംഭവം. നഴ്‌സിന്റെ വേഷത്തില്‍ എത്തിയാണ് കളമശേരി സ്വദേശി നീതു രാജ് വണ്ടിപ്പെരിയാര്‍ 66-ാം മൈല്‍ വലിയതറയില്‍ എസ്. ശ്രീജിത്തിന്റെയും അശ്വതിയുടെയും പെണ്‍കുഞ്ഞിനെ മോഷ്ടിച്ചത്.
ശ്രീജിത്ത് ഉച്ചഭക്ഷണം വാങ്ങിക്കാന്‍ പുറത്തുപോയ നേരത്തു നഴ്‌സിന്റെ വേഷത്തില്‍ വാര്‍ഡിലെത്തി അശ്വതിയെ സമീപിച്ച നീതു, കുഞ്ഞിന് മഞ്ഞനിറമുണ്ട്, പരിശോധിക്കണം എന്നു പറഞ്ഞ് വാങ്ങിക്കൊണ്ടുപോകുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ കിട്ടാതെ വന്നതോടെയാണു മോഷണമാണെന്നു മനസ്സിലായത്. കുഞ്ഞിനെ തട്ടിയെടുത്ത ശേഷം സമീപമുള്ള ഹോട്ടലിലേക്കു പോയ നീതു അവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണു പിടിയിലാകുന്നത്.
കുഞ്ഞിനെ തട്ടിയെടുത്തത് മുന്‍ കാമുകനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആണ്‍സുഹൃത്തിനെ ബ്ലാക്‌മെയില്‍ ചെയ്യാനാണ് നീതു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. പൊലീസ് കസ്റ്റഡിയിലാണ് നീതു ഇപ്പോള്‍. പരസ്പര ബന്ധമില്ലാതെയാണ് നീതു പൊലീസിനോട് സംസാരിക്കുന്നത്. നീതുവിന്റെ ആണ്‍സുഹൃത്തിന്റെ പേര് ഇബ്രാഹിം ബാദുഷ എന്നാണ്. നേരത്തെ ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ബാദുഷയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇബ്രാഹിം ബാദുഷയുമായി നീതുവിന് അടുത്ത ബന്ധമുണ്ടായിരുന്നു. നീതു ഗര്‍ഭിണിയായിരുന്നു. എന്നാല്‍, ഇതിനിടെയാണ് ബാദുഷ തന്നെ വഞ്ചിച്ച് മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് നീതു അറിഞ്ഞത്. ഇബ്രാഹിം മറ്റൊരു വിവാഹംകഴിക്കാന്‍ തീരുമാനിച്ചതോടെ ബ്ലാക്മെയില്‍ ചെയ്യുന്നതിനാണ് തന്റെ കുഞ്ഞാണെന്ന് കാണിക്കാന്‍ നീതു മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. നീതു തന്റെ ഗര്‍ഭം നേരത്തെ അലസിപ്പിക്കുകയും ചെയ്തിരുന്നു.
തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വിശ്വസിപ്പിച്ച് വരുതിയിലാക്കാനായിരുന്നു നീതുവിന്റെ ശ്രമം. പലപ്പോഴായി ഇബ്രാഹിം തന്റെ കൈയില്‍ നിന്ന് പണവും സ്വര്‍ണവും വാങ്ങിച്ചിട്ടുണ്ടെന്ന് നീതു പറയുന്നു. ഇത് തിരിച്ചു കിട്ടാന്‍ വേണ്ടിയായിരുന്നു കുഞ്ഞിനെ ഉപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചത്. ഇബ്രാഹിമിനേയും നീതുവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. നീതുവിന്റെ ഭര്‍ത്താവ് വിദേശത്താണ്. ഇവരുടെ മാതാപിതാക്കളും ഇന്നലെ സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍, ഇവര്‍ക്കാര്‍ക്കും സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു വിവരവും അറിയില്ലായിരുന്നു.