നെടുമങ്ങാട്|
സജിത്ത്|
Last Modified വ്യാഴം, 24 മാര്‍ച്ച് 2016 (11:20 IST)
ഒരു കോടി രൂപയുടെ തട്ടിപ്പു കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പനവൂര്‍ ആറ്റുപുറം സ്വദേശി ഡോക്ടര്‍ എന്നറിയപ്പെടുന്ന ഹിദര്‍ മുഹമ്മദ് എന്ന 40 കാരനാണു ഷാഡോ പൊലീസിന്‍റെ വലയിലായത്.
വെഞ്ഞാറമൂട്ടിലെ പ്രമുഖ വസ്ത്ര വ്യാപാരി കൂടിയാണിയാള്‍. വാടകയ്ക്കെടുത്ത കാര്‍ വില്‍ക്കാനായി ലക്ഷങ്ങള്‍ തട്ടിച്ചു കടന്നു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. എറണാകുളത്തു നിന്നാണ് ഇയാളെ പൊലീസ് വലയിലാക്കിയത്.
ഹിദുര്‍ മുഹമ്മദ് വാടകയ്ക്കെടുത്ത ജാഗ്വാര്‍ കാര്‍ നെടുമങ്ങാട് സ്വദേശിക്ക് വില്‍ക്കാമെന്ന് വിശ്വസിപ്പിച്ച് അഡ്വാന്‍സ് വാങ്ങിയിരുന്നു. ആഴ്ചകള്‍ കഴിഞ്ഞിട്ടും കാറോ മറ്റു രേഖകളോ കിട്ടത്തതിനെ തുടര്‍ന്ന് നല്‍കിയ പരാതി തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഹിദുര്‍ മുഹമ്മദിനെ കുടുക്കിയത്.
സമാനമായ തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയതായി നിരവധി പേര്‍ പൊലീസിനു വിവരം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. പേരൂര്‍ക്കട, നെയ്യാറ്റിന്‍കര, പാറശാല, മലയിന്‍കീഴ് എന്നീ പ്രദേശങ്ങളിലും കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിലുമായി 30 ലേറെ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു.