തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 12 ഏപ്രില്‍ 2017 (17:27 IST)
നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. മാതാപിതാക്കൾ ഉൾപ്പെടെ നാല് പേരെ പ്രതി കേഡല്‍ ജീൻസൺ രാജ ദാരുണമായി കൊലപ്പെടുത്തിയതിന് കാരണം കുടുംബത്തില്‍ നിന്നു നേരിട്ട് അവഗണന. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി.
അവഗണനയിൽ മനംമടുത്താണ് കൊലപാതകം നടത്തിയത്. അച്ഛനെ കൊന്നതിനുശേഷമാണ് ബാക്കിയുള്ളവരെ കൊന്നത്. തെളിവു നശിപ്പിക്കുന്നതിനും കൃത്യം നടത്താനും ഇയാൾ വ്യക്തമായ പദ്ധതി തയാറാക്കിയിരുന്നു. മൂന്ന് മാസമെടുത്താണ് പദ്ധതി തയ്യാറാക്കിയതെന്നും പ്രതി മൊഴി നല്‍കി.
കുടുംബത്തിലുള്ളവരെല്ലാം ഉന്നത വിദ്യാഭ്യാസം നേടിയവരായിരുന്നു. ഇതിനെത്തുടര്‍ന്ന് അച്ഛനില്‍നിന്ന് വലിയ അവഗണന കേഡലിന് നേരിടേണ്ടിവന്നു. സഹോദരിക്ക് പിതാവ് കൂടുതൽ പ്രാധാന്യം നൽകുന്നതിനാല് പകയും വര്‍ദ്ധിച്ചു. പിതാവിനെ മാത്രം കൊലപ്പെടുത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മറ്റുള്ളവരെയും കൊല്ലുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ കാഡലിനെ അഞ്ചു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും ഇലക്ട്രോണിക്സ് ഉപകരങ്ങൾ ഉൾപ്പടെയുള്ളവ പരിശോധിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.
കേഡലിന്റെ ‘ആസ്ട്രൽ പ്രൊജക്‌ഷൻ’ മൊഴി പൊലീസ് നേരത്തെ തന്നെ തള്ളിയിരുന്നു. മനശാസ്ത്രജ്ഞന്റെ സാന്നിധ്യത്തിൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കേഡൽ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്. കേസ് അന്വേഷണത്തില്‍ പൊലീസിന് ആശങ്കയുണ്ടാക്കാനാണ് സാത്താന്‍ സേവയായിരുന്നു തന്റെ ലക്ഷ്യമെന്ന് പറയാന്‍ കേഡലിനെ പ്രേരിപ്പിച്ചത്.