എംവിആറിന്റെ കുടുംബത്തില്‍ അധികാര പിടിവലികള്‍ ശക്തം

കണ്ണൂര്‍| Last Modified ബുധന്‍, 14 മെയ് 2014 (11:05 IST)
എംവി രാഘവന്റെ കുടുംബത്തില്‍ വീണ്ടും അധികാര പിടിവലികള്‍ ശക്തം. പാപ്പിനിശേരി വിഷചികില്‍സാ കേന്ദ്രത്തിന്റെ പേരിലാണ് അധികാര പിടിവലി ശക്തമായത്. എംവിആറിന് ശേഷം ഡയറക്ടര്‍ സ്ഥാനത്തെത്തിയ മകന്‍ എംവി ഗീരീഷ് കുമാറിനെ പുറത്താക്കിയതായി എംവിആറിന്റെ മരുമകന്‍ ഇ കുഞ്ഞിരാമന്‍ പറഞ്ഞു. എന്നാല്‍, എംവി ഗിരീഷ് കുമാറിനെ പുറത്താക്കിയ യോഗം നടന്നിട്ടില്ലെന്ന് സിപി ജോണ്‍ വിഭാഗം ആരോപിച്ചു.

സിഎംപിയിലെ പിളര്‍പ്പിന് വഴിവച്ച പാപ്പിനിശേരി വിഷചികില്‍സാ കേന്ദ്രത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടേയും പേരില്‍ വീണ്ടും മക്കള്‍ തമ്മിലുള്ള തുറന്നപോരിലേക്ക് നീങ്ങുകയാണ്. സിപി ജോണ്‍ വിഭാഗത്തെ അനുകൂലിക്കുന്ന എംവി ഗിരീഷ് കുമാറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നു ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നു പുറത്താക്കിയതായി ഡയറക്ടര്‍ ഇ കുഞ്ഞിരാമന്‍ അറിയിച്ചു.

പകരം അരവിന്ദാക്ഷന്‍ വിഭാഗത്തിലെ പാട്യം രാജനെ പ്രസിഡന്റായും എംവി കണ്ണനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. തളിപ്പറമ്പ് മുന്‍സിഫ് കോടതിയുടെ ഉത്തരവുപ്രകാരം അഡ്വക്കറ്റ് കമ്മീഷണറുടെ സാന്നിധ്യത്തിലായിരുന്നു യോഗമെന്നും ഭരണസമിതി യോഗത്തില്‍ എംവി രാഘവന്‍ പങ്കെടുത്തെന്നും കുഞ്ഞിരാമന്‍ അവകാശപ്പെട്ടു. എന്നാല്‍ പുതിയ ഭരണസമിതി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് കോടതി വിലക്കിയിരുന്നെന്നും 36 ഭരണസമിതി അംഗങ്ങളില്‍ ഒന്‍പതു പേരു മാത്രമാണ് യോഗത്തില്‍ പങ്കെടുത്തതെന്നും സിപി ജോണ്‍ വിഭാഗം ജില്ലാ സെക്രട്ടറി സിഎ അജീര്‍ കുറ്റപ്പെടുത്തി.

ഭരണസമിതി പ്രസിഡന്റ് സ്ഥാനത്തുള്ള എംവിആറിന്റെ ഒപ്പ് നിര്‍ബന്ധിച്ച് രേഖപ്പെടുത്തിയാണ് എംവി ഗിരീഷ് പ്രസിഡന്റ് സ്ഥാനം കൈവശപ്പെടുത്തിയതെന്നാണ് കുഞ്ഞിരാമനും കൂട്ടരും ആരോപിക്കുന്നത്. അതേസമയം, ആദ്യഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തന്നെ എംവിആറിന്റെ മക്കളായ ഗിരിജ, എംവി നികേഷ് കുമാര്‍ മരുമകന്‍ കുഞ്ഞിരാമന്‍ എന്നിവരെ പുറത്താക്കി ഗിരീഷ് കുമാറും സംഘവും ഭരണസമിതിയില്‍ മേധാവിത്വം ഉറപ്പിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള വിഷചികില്‍സാ കേന്ദ്രത്തിലും അനുബന്ധ സ്ഥാപനങ്ങളിലും കണ്ണ് നട്ട് ഇരുപക്ഷവും മുന്നിട്ടിറങ്ങിയോടെയാണ് തളിപ്പറമ്പ് മുന്‍സീഫ് കോടതിയില്‍ കേസെത്തിയത്. എംവിആറിന് തീരുമാനങ്ങളെടുക്കാന്‍ കഴിയാത്തതിനാല്‍ ഇനി കോടതി വിധക്കനുസരിച്ചായിരിക്കും ഇരുപക്ഷത്തിന്റേയും നില്‍നില്‍പ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :