തിരുവനന്തപുരം|
VISHNU N L|
Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (10:13 IST)
സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും യുവവ്യവസായിയുമായിരുന്ന
മുത്തൂറ്റ് പോള്‍ എം.ജോര്‍ജിനെ വധിച്ച കേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറയും. സംസ്ഥാനത്ത് ഏറെ രാഷ്ട്രീയകോളിളക്കം സൃഷ്ടിച്ച കേസിന്റെ വിധിയാണ് ഇന്നുണ്ടാകുന്നത്. 2009 ആഗസ്റ്റ് 21ന് അര്‍ദ്ധരാത്രിയിലാണ് പോള്‍ മുത്തൂറ്റ് ആലപ്പുഴ ജ്യോതി ജംഷനില്‍ വച്ച് കുത്തേറ്റ് മരിക്കുന്നത്.
ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിലെ കാരി സതീശ് അടക്കം പത്തൊന്‍പത് പേരാണ് കേസിലെ പ്രതികള്‍. മറ്റൊരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ ആലപ്പുഴയ്ക്ക് പോകും വഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.
ഗുണ്ടാ ആക്രമണത്തിനും ഗൂഡാലോചനക്കും രണ്ടു കുറ്റപത്രങ്ങളാണ് സിബിഐ സമര്‍പ്പിച്ചത്.
കുത്തേറ്റ പോള്‍ ജോര്‍ജിനെ വഴിയിലുപേക്ഷിച്ച് കടന്ന ഗുണ്ടാനേതാക്കള്‍ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കേരള പൊലീസ് പ്രതികളാക്കിയിരുന്നെങ്കിലും സിബിഐ മാപ്പുസാക്ഷികളാക്കി മാറ്റി. കൊലപാതകം കണ്ടില്ലെന്നും പോളിനെ കുത്തിയവരെ അറിയില്ലെന്നുമാണ് രണ്ട് ഗുണ്ടകളും കോടതിയില്‍ നല്‍കിയ മൊഴി. പോളിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മനു, കാരി സതീശ് അടക്കമുളളവരെ കോടതിയില്‍ തിരിച്ചറിഞ്ഞു.
ഏറെ വിവാദമായ 'എസ്' കത്തിയും കോടതിയുടെ പരിഗണനയ്ക്ക് വന്നു. പൊലീസ് ആദ്യം കണ്ടെടുത്ത 'എസ്' ആകൃതിയുളള കത്തിയല്ല കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സിബിഐ കൊലയ്ക്കുപയോഗിച്ച യഥാര്‍ഥ കത്തിയും കോടതിയില്‍ ഹാജരാക്കി. കാരി സതീശ് തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് 'എസ്' കത്തി കണ്ടെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ.എം. ടോണി മൊഴി നല്‍കിയത് ശ്രദ്ധേയമാണ്.
കാരി സതീശ് കുത്താനുപയോഗിച്ചുവെന്ന് കണ്ടെത്തിയ എസ് കത്തി പൊലീസ് കൃത്രിമായി ഉണ്ടാക്കിയതാണെന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതോടെ അന്വേഷണത്തെ ചൊല്ലിയുള്ള വിവാദം ആളികത്തി. കൊലപാതകി ഉപയോഗിച്ചുവെന്ന പറയുന്ന കത്തി പിന്നീട് സിബിഐ മറ്റൊരു വീട്ടുവളപ്പില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
രണ്ട് കുറ്റപത്രങ്ങളിലായി 14 പ്രതികളാണുള്ളത്.വിശദാന്വേഷണത്തിനിടെ അഞ്ചുപേരും കൂടി പ്രതികളായി.
ജയചന്ദ്രന്‍, കാരി സതീഷ്, സത്താര്‍ തുടങ്ങിയ ഗുണ്ടകളാണ് പ്രധാന പ്രതികള്‍. ആദ്യം എറണാകുളം റെയ്ഞ്ച് ഐജിയായിരുന്ന വിന്‍സന്‍ എംപോളിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി 25 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അന്വേഷമത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടികാട്ടി പോളിന്റെ അച്ഛന്‍ ഹൈക്കോടതി സമീപിച്ചതോടെയാണ്, അന്വേഷണം സിബിഐക്ക് കോടതി കൈമാറിയത്.
പോലീസ് പ്രതിയാക്കിയ ചിലര്‍ ഉള്‍പ്പെടെ 15 പേരെ സിബിഐ മാപ്പുസാക്ഷികളാക്കി. 241 പേര്‍ അടങ്ങുന്ന സാക്ഷിപ്പട്ടികയും 155 രേഖകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയതിനും മറ്റൊരു ക്വട്ടേഷന് പോയതിനും ചങ്ങനാശേരി സംഘത്തിനെതിരെ രണ്ട് കുറ്റപത്രങ്ങള്‍ സിബിഐ സമര്‍പ്പിച്ചെങ്കിലും ഇവ ഒന്നിച്ചാക്കി വിചാരണ നടത്തുകയായിരുന്നു. 2012 നവംബര്‍ പത്തൊന്‍പതിന് ആരംഭിച്ച വിചാരണയില്‍, പോള്‍ ജോര്‍ജിന്‍റെ ഡ്രൈവര്‍ ഷിബു തോമസ് അടക്കം 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി.