കൊലപാതകക്കേസിലെ 5 പ്രതികള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ| VISHNU N L| Last Modified വെള്ളി, 19 ജൂണ്‍ 2015 (16:06 IST)
യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെ പെരിന്തല്‍മണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊളക്കാടന്‍ അബ്ദുള്‍ ലത്തീഫ് എന്നയാളെ 14 നു സന്ധ്യ കഴിഞ്ഞയുടനെയായിരുന്നു നഗരമദ്ധ്യത്തു വച്ച് പ്രതികള്‍ കുത്തിക്കൊലപ്പെടുത്തിയത്.

പൊന്യാകുര്‍ശി ദുബായ്പടി സ്വദേശി വാരിയന്‍കുന്നത്ത് മുഹമ്മദ് റഫീക് എന്ന അറാത്ത് മണി (38), അമ്മിനിക്കാട് കൊടുകുത്തി റോഡില്‍ വലിയതൊടി മുജീബ് റഹ്‍മാന്‍ (28), പെരിന്തല്‍മണ്ണ ഐ.എസ്.എസ് റോഡിലെ നെടും‍പറമ്പ് മുഹമ്മദ് ജംഷീര്‍ (29), തേക്കിങ്കോട് പട്ടാണി വീട്ടില്‍ യൂനുസ് സലീം, മരുത കാഞ്ഞിരത്തിങ്കല്‍ മുതിരക്കുളം വീട്ടില്‍ സുനീര്‍ എന്നിവരാണു കഴിഞ്ഞ രാത്രി പൊലീസ് വലയിലായത്.

കഞ്ചാവ് വില്‍പ്പനയുമായി ബന്ധപെട്ട തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. രണ്ട് ബൈക്കുകളിലും ഓട്ടോയിലുമായി പല ദിശകളിലും നിന്ന് എത്തി പട്ടാമ്പി റോഡിലെ ഹോട്ടലിനു സമീപത്ത് സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന അബ്ദുള്‍ ലത്തീഫിനെ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.

ഡി.വൈ.എസ്.പി പി.എം.പ്രദീപ്, സി.ഐ കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :