കണ്ണൂര്‍|
Last Modified ബുധന്‍, 25 ജനുവരി 2017 (15:00 IST)
കണ്ണൂരിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടന്ന യുവാവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശിയും ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരനുമായ സുനില്‍ കുമാര്‍ എന്ന 30 കാരനാണു കൊല ചെയ്യപ്പെട്ടത്.
മംഗലാപുരം ദേര്‍ലക്കട്ടയിലെ ബെല്‍മാമ്പാടി വീട്ടില്‍അഷറഫ് എന്ന അബ്ദുള്ള (43), കണ്ണൂര്‍ മുണ്ടയാട് പനക്കട വീട്ടില്‍ ഹരിഹരന്‍ (44) എന്നിവരാണു കണ്ണൂര്‍ ടൌണ്‍ പൊലീസിന്‍റെ വലയിലായത്. പ്രതിയായ അബ്ദുള്ള മുമ്പ് ഇതേ കംഫര്‍ട്ട് സ്റ്റേഷനിലെ ജീവനക്കാരനായിരുന്നു. എന്നാല്‍ പുതിയ കരാറുകാരന്‍ വന്നതോടെ അബ്ദുള്ള പുറത്തായതിന്‍റെ വൈരാഗ്യമാണ് സുനില്‍ കുമാറിനെ കൊലപ്പെടുത്താന്‍ കാരണം എന്ന് പൊലീസ് പറഞ്ഞു.
സുനില്‍ കുമാറിനെ അബ്ദുള്ള പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഉറങ്ങുന്ന സമയത്ത് അബ്ദുള്ളയും സുഹൃത്ത് ഹരിഹരനും മദ്യപിച്ച ശേഷം തോര്‍ത്തില്‍ കരിക്ക് കെട്ടിയ ശേഷം തലയ്ക്കടിക്കുകയായിരുന്നു. തലപൊട്ടിയ ഹരിഹരന്‍റെ നിലവിളി കേട്ട് സുഹൃത്ത് വിനോദ് കുമാര്‍ ഉണര്‍ന്ന് സമീപത്തെ സെക്യൂരിറ്റികാരെ വിളിച്ചുണര്‍ത്തി. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു.
എന്നാല്‍ സുനില്‍ കുമാര്‍ തത്ക്ഷണം മരിച്ചു. വിനോദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് ഉടന്‍ തന്നെ പിടികൂടിയത്.