കൊച്ചി|
JOYS JOY|
Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (16:06 IST)
മലയാളത്തിലെ പരുക്കനായ മഹാനടന്‍ മുരളിയുടെ ഓര്‍മ്മദിവസമാണ് ഇന്ന്. മലയാളത്തിന്റെ
പ്രിയനടി മഞ്ജു വാര്യരുടെ ആദ്യസിനിമയും സിനിമയിലെ ആദ്യഷോട്ടും മുരളിക്കൊപ്പം ആയിരുന്നു. ആദ്യത്തെ സിനിമയിൽ തന്നെ മഹാനടനായ മുരളിയുമായി അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് മഞ്ജു അനുസ്മരിച്ചു. ഫേസ്‌ബുക്കിലാണ് മഞ്ജു വാര്യര്‍ മുരളിയെക്കുറിച്ചുള്ള ഓര്‍മ്മ പങ്കിട്ടത്.
മഞ്ജു വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;
“സാക്ഷ്യം ആണ് എന്റെ ആദ്യ സിനിമ. മലയാളികൾ ഒരിക്കലും മറക്കാത്ത ശാലിനി എന്റെ കൂട്ടുകാരി, ഇസബെല്ല, പക്ഷേ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത മോഹൻ ആയിരുന്നു എന്നെ സിനിമയിലേക്ക് ആദ്യം ക്ഷണിച്ചത്. തിരക്കഥ എഴുതിയത് ഒരുപാടു ഹിറ്റ് സിനിമകൾ രചിച്ച ചെറിയാൻ കല്പകവാടി ആയിരുന്നു. അക്ഷരമാലയ്ക്ക് വേണ്ടി രാജൻ മനക്കൽ ആണ് സാക്ഷ്യം നിർമ്മിച്ചത്. ആദ്യത്തെ സിനിമയിൽ തന്നെ മഹാനടനായ മുരളി സാറുമായി അഭിനയിക്കാനുള്ള ഭാഗ്യവും ഉണ്ടായി. എന്റെ ആദ്യത്തെ ഷോട്ട് അദ്ദേഹത്തോടൊപ്പം ആയിരുന്നു. അദ്ദേഹത്തിന്റെയും ഗൌതമിയുടെയും മകളായിട്ടായിരുന്നു എന്റെ വേഷം. ചെറിയ മോഹങ്ങൾ മാത്രം ഉണ്ടായിരുന്ന ഒരു പതിനേഴുകാരിക്ക് സിനിമയിലേക്ക് അവസരം കിട്ടിയപ്പോൾ ലഭിച്ച മഹാഭാഗ്യം. ഇന്ന് അദ്ദേഹം നമ്മെ വിട്ടുപോയ ദിവസമാണ്. അഭിനയം മുരളി സാറിന് തപസ്യ തന്നെയായിരുന്നു. അഭിനയത്തോട് ഇഷ്‌ടമുള്ള എല്ലാവർക്കും വേണ്ടി അദ്ദേഹം ബാക്കി വെച്ചു പോയ അഭിനയത്തിന്റെ രസതന്ത്രം എനിക്ക് എന്നും പ്രിയപ്പെട്ട പാഠപുസ്തകം ആണ്. ”