മൂന്നാർ|
jibin|
Last Updated:
വ്യാഴം, 8 ഒക്‌ടോബര്‍ 2015 (10:45 IST)
പിഎല്‍സി യോഗം പരാജയപ്പെടുകയും പാക്കേജ് പ്രഖ്യാപനം അനിശ്ചിതത്വത്തിലാകുകയും ചെയ്ത സാഹചര്യത്തില്‍ മൂന്നാറിൽ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ രാപകൽ അനിശ്ചിതകാല റോഡ് ഉപരോധം ആരംഭിച്ചു. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലും മൂന്നാറില്‍ 15 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കും. സമരത്തിന് വ്യാപാരികളും പിന്തുണ അറിയിച്ചു. കടകള്‍ അടച്ചിട്ട് വ്യാപാരികള്‍ സമരത്തെ അനുകൂലിക്കുകയാണ്.
സമരത്തിന്റെ പരിഹാരത്തിനായി ചൊവ്വാഴ്ച വീണ്ടും ചർച്ച നടത്തും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തൊഴിൽ മന്ത്രി ഷിബു ബേബി ജോണും ട്രേഡ് യൂണിയൻ നേതാക്കളുമായും ചർച്ച നടത്തും. ഇന്നലെ ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗവും പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും ചർച്ച നടത്തുന്നത്.
ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കൊച്ചി–മധുര ദേശീയ പാത ഉൾപ്പെടെ മൂന്നാറിലേക്കുള്ള മുഴുവൻ റോഡുകളും വൈകിട്ട് ആറുവരെ ഉപരോധിക്കും. അവശ്യസർവീസുകളെ ഉപരോധത്തിൽ നിന്ന് ഒഴിവാക്കുമെന്ന് സമര നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. പാല്‍, പത്രം, ആശുപത്രി മുതലായ സേവനങ്ങളെ സമരത്തില്‍നിന്ന് ഒഴിവാക്കും. ഇന്നലെ മുതല്‍ സമരത്തില്‍ പങ്കെടുക്കുന്നവര്‍ സമരപ്പന്തലില്‍തന്നെ കഴിയുകയാണ്. കണ്ണന്‍ ദേവന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാനും സമരം കൂടുതല്‍ ശക്തമാക്കുവാനും നേതാക്കള്‍ ആവശ്യപ്പെട്ടു. സമരത്തിന്റെ ഭാഗമായി തിരിച്ചറിയൽ കാർഡും റേഷൻ കാർഡും ആധാർ കാർഡും തിരിച്ചേൽപ്പിക്കും.
പാക്കേജ് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ വ്യക്തമായ ഉറപ്പ് നല്‍കിയിരുന്നുവെന്നും തങ്ങളുടെ വിജയം തടയുന്നതിന് ട്രേഡ് യൂണിയനുകളും സര്‍ക്കാരും ഒത്തുകളിച്ചുവെന്നാണ് പൊമ്പിളൈ ഒരുമൈയുടെ നിലപാട്. മിനിമം വേതനം 500 എന്ന ആവശ്യത്തില്‍നിന്നും വിട്ടുവീഴ്ച്ച ചെയ്യാമെന്നാണ് പൊമ്പിളൈ ഒരുമെയുടെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ ട്രേഡ് യൂണിയനുകള്‍ കര്‍ക്കശ നിലപാട് എടുത്തതോടെ പ്രശ്നപരിഹാരം സങ്കീര്‍ണമായി തുടരുകയാണ്.