കുട്ടിയെ ബസിൽ മറന്നുവെച്ച് അമ്മ ഇറങ്ങിപ്പോയി, തനിച്ചായ കുട്ടിക്ക് പിങ്ക് പൊലീസ് തുണയായി

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 12 ജനുവരി 2020 (16:05 IST)
കുട്ടിയെ ബസിൽ മറന്നുവെച്ച് ഇറങ്ങിപ്പോയി. തനിച്ചായ കുട്ടിക്ക് തുണയായത് പിങ്ക് പൊലീസ്. കാസർഗോഡ് പുതിയ ബസ്‌സ്റ്റാൻഡിനടുത്താണ് സംഭവം. വിദ്യാനഗറിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാനായി ബസില്‍ യാത്ര ചെയ്യുകയായിരുന്നു കുടുംബം.

യാത്രക്കിടെ ഒപ്പമുണ്ടായിരുന്ന കുട്ടിയെ കൂട്ടാതെ മാതാവും ബന്ധുക്കളും ബസിറങ്ങി. പരിഭ്രാന്തിയിലായ ആറുവയസുകാരി ബഹളം വെച്ച്‌ കരഞ്ഞതോടെ ബസ് ജീവനക്കാര്‍ കുട്ടിയെ പിങ്ക് പോലീസിനെ ഏല്‍പ്പിച്ചു. പോലീസ് കുട്ടിയുടെ പേര് വിവരങ്ങള്‍ ചോദിച്ചെങ്കിലും കരച്ചില്‍ തുടര്‍ന്ന കുട്ടി മറുപടി പറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് കുട്ടിയുടെ സ്‌കൂള്‍ ബാഗിലെ ഡയറിയിലുണ്ടായിരുന്ന ഫോണ്‍ നമ്ബറിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് പിങ്ക് പോലീസ് കുട്ടിയുമായി നേരെ സ്‌കൂളിലെത്തി വിവരം പറയുകയായിരുന്നു.

സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ച്‌ അറിയിക്കുകയും ബന്ധുക്കൾ വന്ന് കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയുമായിരുന്നു. ബസിറങ്ങിയ ശേഷമാണ് കുട്ടി കൂടെ ഇല്ലെന്ന് മനസിലായതെന്നും എന്നാല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ആരെയും വിളിക്കാനോ മറ്റോ സാധിച്ചില്ലെന്നും മാതാവ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :